നാഷണൽ ഡിഫൻസ് അക്കാദമിയിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമിയിൽ(എൻ.ഡി.എ) പെൺകുട്ടികൾക്ക് പ്രവേശനം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇന്ത്യൻസേനയിൽ വനിതകൾക്ക് സ്ഥിരം കമ്മീഷൻ നൽകുമെന്നും സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ ഇതിന് കുറച്ച് സാവകാശം സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിന്റെ മറുപടിയെ തുടർന്ന് ഇക്കാര്യത്തിൽ സെപ്തംബർ 20നകം മറുപടി ഫയൽ ചെയ്യാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
‘സേന എൻ.ഡി.എയിൽ വനിതകളെ എടുക്കാൻ സമ്മതം അറിയിച്ചതിൽ ഞങ്ങൾ വളരെയധികം സന്തുഷ്ടരാണ്. എന്നാൽ ഒറ്റ ദിവസം കൊണ്ട് മാറ്റം കൊണ്ടുവരാൻ സാധിക്കുകയില്ല എന്ന് എല്ലാവർക്കുമറിയാം. സമയബന്ധിതമായി സർക്കാർ ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ കൈക്കൊള്ളും.’ എൻ.ഡി.എയുടെ നാവിക അക്കാദമി പരീക്ഷയിൽ വനിതകളെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം അറിയിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞു.
സേനകളിൽ ലിംഗസമത്വം കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനിക്കണം. കോടതികൾ ഇക്കാര്യത്തിൽ ഇടപെടാൻ കാത്തിരിക്കുകയല്ല വേണ്ടത് എന്നും കോടതി ഓർമപ്പെടുത്തി.
നവംബർ 14ലേക്ക് മാറ്റിവെച്ച എൻ.ഡി.എയുടെ പ്രവേശന പരീക്ഷയിൽ പങ്കെടുപ്പിക്കാനുള്ള സുപ്രീംകോടതി വിധി വന്നതിനുശേഷം ഒരു മാസം കഴിഞ്ഞാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന മറ്റൊരു തീരുമാനം ഉണ്ടാകുന്നത്.
വനിതകൾ പെർമനന്റ് കമീഷൻ നൽകാത്ത നടപടിയും നാഷണൽ ഡഫൻസ് അക്കാദമിയിൽ പ്രവേശനം നൽകാത്ത നടപടിയേയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ‘നിങ്ങൾ മാറിയേ പറ്റൂ’ എന്നാണ് കോടതി സർക്കാറിെന വിമർശിച്ചത്.