പ്രതിപക്ഷ കൗൺസിലർമാരിൽ നിന്ന് ജീവന് ഭീഷണി; സംരക്ഷണം വേണമെന്ന് അജിത തങ്കപ്പൻ
കൊച്ചി: പ്രതിപക്ഷ കൗൺസിലർമാരിൽ നിന്ന് പൊലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭ അധ്യക്ഷ ഹൈകോടതിയെ സമീപിച്ചു. പ്രതിപക്ഷ കൗൺസിലർമാരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ചെയർപേഴ്സൺ അജിത തങ്കപ്പൻ ഹരജിയിൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ കൗൺസിലർമാർ തന്നെ കൈയ്യേറ്റം ചെയ്യുകയും ചേമ്പറിൽ തടഞ്ഞുവെക്കുകയും ഉണ്ടായി. നഗരസഭക്ക് സംരക്ഷണം നൽകണമെന്ന ഹൈകോടതി ഉത്തരവ് പാലിക്കുന്നില്ല. അതിനാൽ തനിക്കും നഗരസഭക്കും സംരക്ഷണം ഉറപ്പാക്കണമെന്നും ഹരജിയിൽ അജിത തങ്കപ്പൻ ചൂണ്ടിക്കാട്ടുന്നു.
തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് കർശനമായി നടപ്പാക്കാൻ ഹൈകോടതി കഴിഞ്ഞ ദിവസം പൊലീസിന് കർശന നിർദേശം നൽകിയിരുന്നു. നഗരസഭയുടെ പ്രവർത്തനം തടസപ്പെട്ട സംഭവത്തിൽ വിശദമായ സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാറിനോട് കോടതി നിർദേശിക്കുകയും ചെയ്തു.
തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചെയർപേഴ്സൺ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് നഗരസഭയുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന് പൊലീസിനോട് കോടതി നിർദേശിക്കുകയും ചെയ്തു. എന്നാൽ, പൊലീസ് സംരക്ഷണം നൽകണമെന്ന നിർദേശം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചെയർപേഴ്സൺ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈകോടതി കഴിഞ്ഞ ദിവസം വീണ്ടും ഉത്തരവിട്ടത്.