കുഴിച്ചിടുമ്പോള്‍ വേദനകൊണ്ടു സിന്ധു വായ് തുറന്നു, പ്ലാസ്റ്റിക് കവറിന് തല മൂടി, ജീവനുള്ള ശരീരം ചവിട്ടി അമര്‍ത്തിപ്പിടിച്ച് മണ്ണിട്ട് മൂടി, ബിനോയിയുടെ മൊഴിയില്‍ ഞെട്ടി പോലീസും നാട്ടുകാരും
അടിമാലി: ഒപ്പം താമസിച്ച സിന്ധുവിനെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ചുവെന്നും പിന്നീട് കുഴിച്ചിട്ടതും ജീവനോടെയെന്ന് പ്രതി പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയി. പണിക്കന്‍കുടി കൊലപാതകത്തിലെ പ്രതിയായ ബിനോയിയെ ഇന്നലെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചു. കുറ്റകൃത്യം പൂര്‍ണമായി സമ്മതിച്ച പ്രതി എല്ലാ കാര്യങ്ങളും വിശദമായി വിവരിച്ചു കൊടുത്തു. കരുതിക്കൂട്ടി ചെയ്ത കൊലപാതകം വിവരിക്കുമ്പോള്‍ പോലീസും ബന്ധുക്കളും നാട്ടുകാരും അവിശ്വസനീയതയോടെയാണ് കേട്ടുനിന്നത്.
കഴിഞ്ഞ 11 ന് രാത്രി സിന്ധുവുമായുള്ള വഴക്ക് രൂക്ഷമായി എന്നു ബിനോയി പറഞ്ഞു. തുടര്‍ന്നു കഴുത്തിനു കുത്തിപ്പിടിച്ചു മര്‍ദിച്ച് അവശയാക്കി. തളര്‍ന്നുവീണ സിന്ധുവിനെ മുറ്റത്തേക്ക് എറിഞ്ഞു. പടുതാക്കുളത്തിനു സമീപത്തെ ചെറിയകുഴിയില്‍ കുഴിച്ചിടാനായിരുന്നു നീക്കം. എന്നാല്‍ ഇത് പുറത്തറിയുമെന്നോര്ത്തപ്പോള് പ്ലാന്‍ മാറ്റി. മുറ്റത്തിട്ടു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഇതോടെ പ്രാണഭയത്താല്‍ സിന്ധു അലറി വിളിച്ചു. നാട്ടുകാര്‍ കേള്‍ക്കുമെന്ന തിരിച്ചറിവില്‍ അപ്പോള്‍ തന്നെ വെള്ളമൊഴിച്ച് തീയണച്ചു. തുടര്‍ന്ന് മുക്കൊല്ലി എന്നറിയപ്പെടുന്ന ഇരുമ്പ് ആയുധവും ചട്ടിയും തൂമ്പയും ഉപയോഗിച്ച് അടുപ്പ് കുഴിച്ചു. മൂന്നര അടിയോളം താഴ്ത്തി. പാതി കത്തിയ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി. വിവസ്ത്രയാക്കി തന്നെ കുഴിയില്‍ ഇട്ടു. കുഴി ചെറുതായതിനാല്‍ കാലുകള്‍ വളച്ചു വച്ചു. അപ്പോള്‍ ബോധം തെളിഞ്ഞ സിന്ധു വേദനകൊണ്ടു വായ് പൊളിച്ചു. ഞരക്കവും മൂളലും വക വയ്ക്കാതെ പ്ലാസ്റ്റിക്ക് കവര്‍ കൊണ്ടുവന്ന് മുഖവും തലയും മൂടി. തുടര്‍ന്ന് സിന്ധുവിന്റെ ജീവനുള്ള ശരീരം ചവിട്ടി അമര്‍ത്തിപ്പിടിച്ച ശേഷം മണ്ണിട്ട് മൂടുകയായിരുന്നുവെന്നും ബിനോയി വിശദീകരിച്ചു.
തെളിവെടുപ്പിനു ശേഷം ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു പീരുമേട് സബ് ജയിലിലേക്ക് മാറ്റി. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നാളെ വീണ്ടും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. സിന്ധുവിന്റെ മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച തൂമ്പയും ചട്ടിയും അനുബന്ധ ഉപകരണങ്ങളും കത്തിക്കാന്‍ ഉപയോഗിച്ച മണ്ണെണ്ണ അടക്കമുള്ള സാധനങ്ങള്‍ ബിനോയി കാണിച്ചത് അനുസരിച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തി. സംഭവസമയത്ത് സിന്ധു ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അടക്കമുള്ളവ ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇന്നലെ രാവിലെ പത്തരയോടെയാണ് പ്രതിയുമായി പോലീസ് സംഘം പണിക്കന്‍കുടി ടാങ്ക് കുന്നിലുള്ള വീട്ടിലെത്തിയത്. സമയം വൈകിയതിനാല്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാതെയാണ് ബിനോയിയെ കോടതിയില്‍ ഹാജരാക്കിയത്.
ആരെയും കൂസാതെ…
സിന്ധു വധക്കേസിലെ പ്രതി ബിനോയെയും കൊണ്ട് അന്വേഷണ സംഘം പണിക്കന്‍കുടിയിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിയപ്പോള്‍ യാതൊരു കൂസലുമില്ലാതെയാണ് ക്രൂരകൃത്യങ്ങള്‍ പ്രതി പോലീസിന് വിവരിച്ചു നല്‍കിയത്. കൊല്ലപ്പെട്ട സമയത്ത് സിന്ധു ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇന്നലെ പോലീസിന് കണ്ടെത്താനായില്ല. ഇത് പൊന്മുടി അണക്കെട്ട് പരിസരത്ത് ഉപേക്ഷിച്ചുവെന്നാണ് പ്രതി സൂചിപ്പിച്ചത്.
ഇന്നലെ രാവിലെ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍നിന്നും ഡിവൈ.എസ്പി: ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തില്‍ സി.ഐ: ആര്. കുമാര്‍, എസ്.ഐമാരായ രാജേഷ് കുമാര്‍, സി.ആര് സന്തോഷ്, സജി എന്‍. പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘത്തോട് ഒപ്പം പുറപ്പെടുമ്പോഴും മുഖത്ത് ഭാവവ്യത്യാസം ഉണ്ടായിരുന്നില്ല. കൈ വിലങ്ങുമായി നാട്ടുകാരുടെ മുന്‍പിലൂടെ കൂസലില്ലാതെ നടന്ന ബിനോയിക്ക് സിന്ധുവിനെ വകവരുത്തി തന്റെ പഴയ വീട്ടിലെത്തിയപ്പോഴും ഒരു മാറ്റവും ഉണ്ടായിരുന്നില്ല.
ബിനോയിയുടെ ക്രൂരമായ മര്‍ദനമുറ സഹിക്കവയ്യാതെ ഉപേക്ഷിച്ചു പോവുകയായിരുന്നു ആദ്യ ഭാര്യ. സിന്ധുവും വിട്ടു പോകുമെന്ന തോന്നിയപ്പോള്‍ മുതല്‍ ബിനോയി നിരന്തരം വഴക്കിട്ടിരുന്നു.