മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടെടുത്ത് തൊട്ടുകൂട്ടി;യുവാക്കള്‍ ഗുരുതരാവസ്ഥയില്‍
റായ്പുര്‍ : മദ്യത്തിനൊപ്പം ചുട്ട വിഷപ്പാമ്പിനെ തിന്ന രണ്ടു യുവാക്കള്‍ ആശുപത്രിയില്‍. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്പായ ശംഖുവരയനെയാണു യുവാക്കള്‍ ചുട്ടെടുത്തു കഴിച്ചതെന്നാണു റിപ്പോര്‍ട്ട്. പാമ്പിന്റെ തലയും വാലുമാണ് ഇവര്‍ മദ്യത്തിനൊപ്പം കഴിക്കാന്‍ എടുത്തത്. പാമ്പിനെ കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.
സംഭവത്തെ കുറിച്ച് െപാലീസ് പറയുന്നത്: ഇന്ദിരാ നഗര്‍ പ്രദേശത്തെ ദേവാംഗന്‍പരയിലെ ഒരു വീടിന് സമീപമാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടുടമ ഇതിനെ പിടികൂടി തീയിലിട്ടു. പിന്നീട് പാതിവെന്ത പാമ്പിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഈ വഴി കടന്നുപോയ ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡെ എന്നീ യുവാക്കള്‍ പാതിവെന്ത പാമ്പിനെ എടുത്തു കൊണ്ടുപോയി.
പിന്നീട് ഇവര്‍ മദ്യത്തിനൊപ്പം പാമ്പിനെ ഭക്ഷണമായി ഉപയോഗിച്ചു. രാജുവിനു പാമ്പിന്റെ തലഭാഗവും ഗുഡ്ഡുവിനു വാല്‍ഭാഗവുമാണു ലഭിച്ചത്. തല ഭാഗം കഴിച്ച രാജുവിന്റെ നിലയാണു ഗുരുതരമായി തുടരുന്നത്. പൊലീസ് സ്ഥലത്തെത്തി പാമ്പിന്റെ മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തു.