ജാര്‍ഖണ്ഡ് : വോട്ടെടുപ്പിനിടയില്‍ ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തു. ഗുംല ജില്ലയിലെ ബിഷുന്‍പൂരിലാണ് പാലം തകര്‍ത്തത്. ആര്‍ക്കും പരിക്കേറ്റതായോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ആക്രമണം വോട്ടിംഗിനെ ബാധിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ശശി രഞ്ജന്‍ പറഞ്ഞു.
ജാര്‍ഖണ്ഡില്‍ അഞ്ചുഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിലെ 13 മണ്ഡലങ്ങളും മാവോയിസ്റ്റ് സാന്നിദ്ധ്യം മേഖലയായതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലകളിലും കാടുകളിലുള്ള ഒറ്റപ്പെട്ട ബൂത്തുകളിലേക്കും ഹെലികോപ്റ്റര്‍ വഴിയാണ് പോളിംഗ് സാമഗ്രികള്‍ എത്തിച്ചത്.
ആരോഗ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ രാമചന്ദ്ര ചന്ദ്രവംശി, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മുന്‍ ഐ.പി.എസ്. ഓഫീസറുമായ രാമേശ്വര്‍ ഉരാവു എന്നിവരാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍. മൊത്തം 189 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ ബി.ജെ.പി. 12 ഇടങ്ങളില്‍ മത്സരിക്കുന്നു. ഹുസെയ്നാബാദില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിനോദ് സിംഗിനെ ബി.ജെ.പി. പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രതിപക്ഷത്തെ ജെ.എം.എം.-കോണ്‍ഗ്രസ്-ആര്.ജെ.ഡി. സഖ്യം യഥാക്രമം നാല്, ആറ്, മൂന്ന് സീറ്റുകളില്‍ മത്സരിക്കും.
3906 പോളിംഗ് സ്റ്റേഷനുകളിലായി രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നു വരെയാണ് വോട്ടെടുപ്പ്. 37,83,055 വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ ബൂത്തിലെത്തുക. 989 വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വെബ്കാസ്റ്റിംഗ് സൗകര്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
അഞ്ചു ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ഡിസംബര്‍ 23-നാണ് ഫലപ്രഖ്യാപനം.