കേരളത്തിലെ സഹകരണ മേഖല ഇഡി കെെകാര്യം ചെയ്യേണ്ടതല്ല, കെ ടി ജലീലിനെ തളളി മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.ടി. ജലീല്‍ എം.എല്‍.എയെ തളളി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ സഹകരണ മേഖല ഇ.ഡി. കെെകാര്യം ചെയ്യേണ്ടതല്ല. എ.ആര്. നഗര്‍ ബാങ്കിലെ തിരിമറിയില്‍ സഹകരണ വകുപ്പ് നടപടിയെടുത്തിട്ടുണ്ട്. ഇ.ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയില്‍ ജലീല്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. പലതവണ ജലീലിനെ ചോദ്യം ചെയ്തതുകൊണ്ട് ഇ.ഡിയില്‍ അദ്ദേഹത്തിന് വിശ്വാസം കൂടിയിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ആര്. നഗര്‍ സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജലീല്‍ പരാമര്‍ശിച്ച ബാങ്കിന്റെ പേരില്‍ കോപ്പറേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ് കര്‍ശന നടപടിയിലലേക്ക് നീങ്ങിയതാണ്. അതില്‍ കോടതിയുടെ സ്റ്റേ നിലനില്ക്കുന്നതു കൊണ്ടാണ് മറ്റു നടപടികളിലേക്ക് നീങ്ങാന്‍ കഴിയാതിരുന്നത്. ഇ.ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയില്‍ ജലീല്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇവിടെ അന്വേഷിക്കാന്‍ ആവശ്യമായ സംവിധാനങ്ങളുണ്ട്. ആ സംവിധാനത്തിന്റെ ഭാഗമായി അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന് യാതൊരു വിധത്തിലുളള തടസവും ഇവിടെ ഉണ്ടാകില്ല. കുറ്റം എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയും അതിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.