‘ബി ദി വാറിയര്‍’ ബോധവല്‍ക്കരണ ക്യാമ്പയിന് കാസർകോട് തുടക്കമായി
കാസർകോട് : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തമുറപ്പുവരുത്താന് ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ബോധവല്‍ക്കരണ ക്യാമ്പയിന് ‘ബി ദി വാറിയറിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന് പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇ.മോഹനന്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഇന്‍ ചാര്‍ജ് ഡോ. എ.വി.രാംദാസ് എന്നിവര്‍ക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വിബിഡി ഓഫീസര്‍ വി. സുരേശന്, പി. വി. മഹേഷ്കുമാര്‍, ആരോഗ്യ വിഭാഗം ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ കമല്‍ കെ ജോസ് എന്നിവര്‍ സംസാരിച്ചു.
മൂന്നാം തരംഗത്തിന് തീവ്രത കുറയ്ക്കുക, വാക്സിനേഷന് ഊര്‍ജിതമാക്കുക എന്നിവയാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍.എസ്.എം.എസ് കൃത്യമായി പാലിക്കുക, ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറുക, റിവേഴ്സ് ക്വറന്റ്റൈന് പാലിക്കുക, വയോജനങ്ങള്‍, കുട്ടികള്‍ കിടപ്പുരോഗികള്‍ എന്നിവരിലേക്കു രോഗം എത്തുന്നത് തടയുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ബോധവത്കരണങ്ങള്‍ക്ക് ക്യാമ്പയിനില്‍ കൂടുതല്‍ പ്രാധന്യം നല്‍കും.