മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള നല്ല ഒരു രാഷ്ട്രീയ പ്രവര്ത്തകന് മാത്രമല്ല നല്ലൊരു കവിയുമാണെന്ന് കൂടി തെളിയിച്ചിരിക്കുകയാണിപ്പോള്‍. മിസോറാമിനെ പുകഴ്ത്തി ശ്രീധരന് പിള്ള എഴുതിയ ഒരു കവിതയാണ്
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മിസോറാം,പ്രിയ മിസോറാം എന്ന തലക്കെട്ടില്‍ ബിജെപി മുഖപത്രമായ ജന്മഭൂമിയിലാണ് കവിത പ്രസിദ്ധീകരിച്ചത്. ഓ,മിസോറാം നീയെത്ര സുന്ദരി എന്ന വരിയിലാണ് കവിത തുടങ്ങുന്നത്.
സ്വര്ഗ്ഗത്തിന് തുല്യമായ സൗന്ദര്യമാണ് മിസോറാമെന്നും, ഇവിടെ നിന്നും തന്നെ അകറ്റരുതെന്ന അഭ്യര്‍ത്ഥനയും ഉള്‍പ്പെടുന്ന കവിതയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെയും നേരത്തെ മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഗവര്‍ണര്‍ പദവി രാജിവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരന്‍പിള്ളയെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ചത്.
കവിതയുടെ പൂര്‍ണരൂപം
ഓ,മിസോറാം
നീയെത്ര സുന്ദരി
തപ്തമെന്ന് ഹൃദയത്തില്‍
നീറുവതെന്തൊക്കെ
ഇപ്പോഴിതാ സ്വര്‍ഗത്തിലെ
ശുദ്ധസമീരന്‍
രാഗരേണുക്കള്‍തന്‍
മഹാപ്രവാഹത്തിലാണു ഞാന്‍
പിച്ചവെച്ച ഗ്രാമീണവിശുദ്ധി
തുടിച്ചുതുള്ളുന്നിപ്പോഴും
അതിനാലീ സ്വര്‍ഗത്തില്‍ നിന്ന്
ഭൂമിയിലേക്കു നോക്കാതെങ്ങനെ ?
വടക്കുകിഴക്കന്‍ സ്നിഗ്ധസൗന്ദര്യമേ
അടുത്തേക്കടുത്തേക്കുവന്നാലും
പ്രിയപ്പെട്ടവരൊന്നും
കൂടെയില്ലെന്നറിയാം
എന്നാലും അകറ്റരുതെന്നെയീ
സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും
അവിടെ നിറവും മണവും
നിത്യം നിറഞ്ഞു തുളുമ്ബട്ടെ.