കരിങ്കൽ ക്വാറി പ്രവർത്തനം നാട്ടുകാർ തടഞ്ഞു
പേരാവൂർ: പുരളിമലയിൽ ആരംഭിച്ച കരിങ്കൽ ക്വാറിക്കെതിരെ പൂവത്താറും കുടിവെള്ളസ്രോതസ്സും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ മുന്നണിയുടെ പ്രതിഷേധം ശക്തം.
പൂവത്താറിന് സമീപം ആരംഭിക്കുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നാട്ടുകാർ തടഞ്ഞു.
ജൈവവൈവിധ്യങ്ങളുടെ കലവറയും വറ്റാത്ത കുടിനീര് സ്രോതസ്സുമായ മാലൂര്‍ പുരളിമലയിലെ പൂവത്താര്കുണ്ടില് കരിങ്കല്‍ ക്വാറി ഖനനം നടത്താന്‍ മാലൂര്‍ പഞ്ചായത്ത് നല്കിയ അനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പുരളിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. ഇതിനിടെ ക്വാറിയുടെ പ്രവർത്തനം ആരംംഭിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കുകയും മണ്ണുമാന്തിയന്ത്രങ്ങൾ കൊണ്ടുള്ള പ്രവർത്തനം സംഘടിതമായി തടയുകയും ചെയ്തത്. കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിട്ടും ഇതിനെ മറികടന്നായിരുന്നു നാട്ടുകാരുടെ ക്വാറിവിരുദ്ധ പ്രതിഷേധം.