മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്ക് മറുപടി അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകള്എന്. പ്രശാന്ത്
ഐ.എ.എസിനെതിരേപോലീസ് കേസെടുത്തു
കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് വാട്സാപ്പില്‍ മോശം പരാമര്‍ശം നടത്തിയതിന് എന്‍.പ്രശാന്ത് ഐ.എ.എസിനെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയ ‘മാതൃഭൂമി’ ലേഖികയോടാണ് എന്‍.പ്രശാന്ത് മോശമായി പെരുമാറിയത്. വാട്സാപ്പില്‍ അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകളാണ് പ്രശാന്ത് മറുപടിയായി അയച്ചത്. ഇതുസംബന്ധിച്ച് വ്യാപക പ്രതിഷേധമുയരുകയും സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പ്രശാന്തിനെതിരായ പരാതിയില്‍ പോലീസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കേസെടുക്കുന്നത് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനില്‍നിന്ന് നിയമോപദേശവും തേടി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താമെന്നായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം. മാധ്യമപ്രവര്ത്തകന് ഉദ്യോഗസ്ഥനോട് വിവരങ്ങള്‍ തേടുന്നത് തൊഴിലിന്റെ ഭാഗമാണ്. വിവരങ്ങള്‍ നല്‍കാനും നല്കാതിരിക്കാനും ഉദ്യോഗസ്ഥന് അവകാശമുണ്ട്. എന്നാല്‍ മോശമായ പ്രതികരണം പാടില്ലെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് പ്രശാന്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.