ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച് യാത്ര;രണ്ട് അതിഥി തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ചു
തിരുവനന്തപുരം: തുമ്പയില്‍ തീവണ്ടി തട്ടി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ ജയിംസ് ഒറാന്‍, ഗണേഷ് എന്നിവരാണ് മരിച്ചത്. മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് പാളത്തിലൂടെ നടക്കുന്നതിനിടെ തീവണ്ടി തട്ടിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ റെയില്‍വേപാളത്തില്‍ കണ്ടെത്തിയത്. ഇവരുടെ മൊബൈല്‍ഫോണുകളും ഹെഡ്സെറ്റും സംഭവസ്ഥലത്തുനിന്ന് കിട്ടിയിട്ടുണ്ട്. കെട്ടിടനിര്‍മാണ തൊഴിലാളികളായ ഇരുവരും ചിത്തിരനഗറിലാണ് താമസിച്ചിരുന്നത്.
ഇവരോടൊപ്പം താമസിക്കുന്നവരെ പോലീസ് സംഘം വിശദമായി ചോദ്യംചെയ്തു. മരണത്തില്‍ മറ്റുദുരൂഹതകളൊന്നും ഇല്ലെന്നാണ് പോലീസ് നല്‍കുന്നവിവരം. മൃതദേഹങ്ങള്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.