പത്ത് കാശ് എവിടെ നിന്നെങ്കിലും കിട്ടിയാൽ കെ എസ് ആർ ടി സി ഗ്രാമങ്ങളിലൂടെ ഓടും, വിമാനത്താവളങ്ങളിൽ മദ്യശാല ഇല്ലേ എന്ന് കെ ബി ഗണേശ് കുമാർ
പത്തനാപുരം : കെ എസ് ആർ ടി സി ബസ് സ്റ്റാൻഡുകളിലെ ഒഴിഞ്ഞ കടമുറികളിൽ ബെവ്കോ ഔട്ട്ലറ്റുകൾ സ്ഥാപിക്കുവാനുള്ള ഗതാഗത മന്ത്രിയുടെ പദ്ധതിക്ക് പച്ചക്കൊടിയുമായി മുൻ ഗതാഗത മന്ത്രികൂടിയായ പത്തനാപുരം എം എൽ എ കെ ബി ഗണേശ് കുമാർ. ഓടാൻ പോലും നിവൃത്തിയില്ലാതെ കിടക്കുന്ന കെ എസ് ആർ ടി സിക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താൻ ശ്രമിക്കുന്ന മാനേജ്മെന്റിനെ അടച്ചാക്ഷേപിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിമാനത്താവളങ്ങളിൽ മദ്യശാലകളുണ്ട്. ഗൾഫ് രാജ്യങ്ങളിൽ വിമാനത്താവളങ്ങളിലും റെസ്റ്റോറന്റുകളിലുമൊക്കെ മദ്യഷാപ്പുകളുണ്ട്. എങ്കിലും അവിടെ ആരും അബോധാവസ്ഥയിൽ റോഡിൽ തലകുത്തി നിൽക്കുന്നില്ല, മദ്യപിച്ച് വാഹനം ഓടിക്കുന്നുമില്ല.പുതിയ ആശയങ്ങളെ എതിർക്കുന്ന പിന്തിരിപ്പൻ സമീപനം നല്ലതല്ലെന്ന് പറഞ്ഞ എം എൽ എ, മുൻപ്
മൊബൈൽ ഫോൺ ടവറിനെതിരെ സമരം ചെയ്തവർ ഇപ്പോൾ തന്റെ കുട്ടികൾക്ക് പഠിക്കാൻ നെറ്റ് കിട്ടുന്നില്ലെന്ന് പറഞ്ഞു നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിനത്ത് ബെവ്കോ പ്രവർത്തിക്കുന്നുണ്ടെന്നും, എന്നിട്ട് അവിടെ ഒന്നും സംഭവിച്ചില്ലെന്നും ഗണേശ് കുമാർ പറയുന്നു. പത്ത് കാശ് എവിടെ നിന്നെങ്കിലും കിട്ടിയാൽ കെ എസ് ആർ ടി സി ഗ്രാമങ്ങളിലൂടെ ഓടും. നാട്ടിലെ മാറ്റങ്ങൾ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.