വിസ്തൃതി കുറഞ്ഞു, മാലിന്യം നിറഞ്ഞു; ഫോർട്ട് കൊച്ചി പ്രധാന ബീച്ചുകളുടെ പട്ടികയിൽ നിന്ന് പുറത്ത്
മട്ടാഞ്ചേരി: ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട 30 പ്രധാന ബീച്ചുകളുടെ പട്ടികയിൽ ഇക്കുറി ചരിത്രതീരം ഫോർട്ട് കൊച്ചി മഹാത്മാ ഗാന്ധി കടപ്പുറം പുറത്തായി.
വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതടക്കമുള്ള സൗകര്യങ്ങൾ വിലയിരുത്തിയാണ് കടൽ തീരപട്ടിക തയാറാക്കിയത്. ആദ്യമായാണ് ഫോർട്ട്കൊച്ചി തീരം പട്ടികയിൽനിന്നും പുറത്താകുന്നത്. 2018 വരെ കൊച്ചി തീരം രാജ്യത്തെ മികച്ച തീര പട്ടികയിലിടം പിടിച്ചിരുന്നു.
വിനോദ സഞ്ചാര മേഖലയിലും ഫോർട്ടുകൊച്ചി ഏറെ ആകർഷിക്കപെട്ടിരുന്നു. മുഴപ്പിലങ്ങാട്, മാരാരിക്കുളം ബീച്ചുകളാണ് കേരളത്തിൽനിന്നും പട്ടികയിലിടം നേടിയത്. ഗോവയിലെ വർക്ക,കോൾവ,ചാലപ്പാറ,കോള,വാഗേറ്റർ, അഗോണ്ട കവലോസീം ,മോർ ജീം, മാൻ ഡ്രെം , ബെനൗലിം, കാൻഡോലീം, ഉട്ടോർഡ, കൻബലിം,ആരംബോൾ, പാലൊലെം , അടക്കം 15 ബീച്ചുകളും കർണാടകയിൽനിന്നും ഉള്ളാൽ,കൊഡിക്കൽ,സോമേശ്വരം,ഒട്ടിനെർ ,ഒൽവെ അടക്കം അഞ്ചും ,യാരാദ ,രാമ കൃഷ്ണ (ആന്ധ്ര),രാധാനഗർ, എലിഫൻറ് ( ആൻഡമാൻ നിക്കോബാർ ) പൂരി (ഒഡിഷ) ധനുഷ്കോടി (തമിഴ്നാട് ), മിഘ (പശ്ചിമ ബംഗാൾ), ഗണപതി പൂലെ (മഹാരാഷ്ട്ര) എന്നിവയാണ് പട്ടികയിലിടം നേടിയ ബീച്ചുകൾ. ടൂർ മൈ ഇന്ത്യയുടെ ട്രാവൽ ആൻഡ് ടൂറിസം ബ്ലോഗ് ഇന്ത്യയാണ് ഇന്ത്യൻ തീരങ്ങളുടെ പട്ടിക തയാറാക്കിയത്.
ശുചിത്വം,സുരക്ഷ, അടിസ്ഥാന സൗകര്യം എന്നിവയടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്.
കടൽ കയറ്റത്തെ തുടർന്ന് വിസ്തൃതി കുറഞ്ഞതും, മാലിന്യം നിറയുന്നതും, ഇഴ ജന്തുക്കളുടെതടക്കമുള്ള ശല്യവും കൊച്ചി തീരത്തിന് തിരിച്ചടിയായി.