അധ്യാപക ദിനം: പാലക്കുന്ന് ലയണ്‍സ് ക്ലബ് പി.വി.കെ. പനയാലിനെ ആദരിച്ചുജീവിത സാഹചര്യങ്ങളാണ് മനുഷ്യന്റെ ജീവിതഗതി നിര്‍ണയിക്കുന്നത്: പി.വി.കെ. പനയാല്‍
പാലക്കുന്ന് : അധ്യാപക ദിനത്തില്‍ പാലക്കുന്ന് ലയണ്‍സ് ക്ലബ് അധ്യാപകനും എഴുത്തുകാരനും നാടക പ്രവര്‍ത്തകനുമായ പി.വി.കെ. പനയാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു.
ജീവിത സാഹചര്യങ്ങളാണ് മനുഷ്യരുടെ ഭാവി നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. എസ്. രാധാകൃഷണന്റെ ജന്മദിനമാണ് രാജ്യത്ത് അധ്യാപക ദിനമായി ആചരിക്കുന്നത്. വളരെ പാവപ്പെട്ട ജീവിത സാഹചര്യത്തില്‍ നിന്ന് സ്വന്തം കഴിവും ബുദ്ധിയും കൊണ്ട് മികച്ച അധ്യാപകനായും വൈസ് ചാന്‍സലറായും രാഷ്ട്രപതിയുമൊക്കെയായി അദ്ദേഹം ഉയര്‍ന്ന നിലയിലെത്തി . അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു കാസര്‍കോട് ജില്ലക്കാരനും കവിയും സ്വതന്ത്ര്യ സമര സേനാനിയുമായ രാഷ്ട്ര കവി ഗോവിന്ദ പൈ. വളരെയധികം മത്സരബുദ്ധിയോടുകൂടി രണ്ടുപേരും പഠനത്തില്‍ ഒന്നാമതെത്താന്‍ ശ്രമിച്ചു. പല വിഷയങ്ങളിലും രാധാകൃഷ്ണനേക്കാള്‍ മികവു തെളിയിച്ച ആളായിരുന്നു ഗോവിന്ദ പൈ. നിര്‍ഭാഗ്യവശാല്‍ ഫൈനല്‍ പരീക്ഷാ കാലത്ത് പിതാവിന്റെ വിയോഗം മൂലം ഗോവിന്ദ പൈക്ക് പഠനം തുടരാനായില്ല. സാഹചര്യങ്ങള്‍ ജീവിതഗതി മാറ്റി മറിക്കുന്നത് ഇങ്ങനെയാണെന്ന് സമർത്ഥിക്കുകയായിരുന്നു അധ്യാപക ദിനത്തിൽ പനയാൽ.
നമുക്കിടയില്‍ വ്യത്യസ്ത മേഖലകളില്‍ കഴിവുള്ള ധാരാളം ആളുകള്‍ ഉണ്ടെങ്കിലും പലരേയും നാം മറന്നു പോകുന്നു. മറവിയുടെ ഈ ആസുര കാലത്ത് ഓര്‍മകളുടെ വീണ്ടെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് അധ്യാപക ദിനം നമ്മോട് സംവദിക്കുന്നത്.
ചടങ്ങില്‍ പാലക്കുന്ന് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് കുമാരന് കുന്നുമ്മല്‍ അധ്യക്ഷനായി. സെക്രട്ടറി റഹ് മാന്‍ പൊയ്യയില്‍, പി. എം. ഗംഗാധരന്, എന്‍.ബി.ജയകൃഷ്ണന്, കുഞ്ഞികൃഷ്ണന് പനയാല്‍, എ.കെ.ഉദയഭാനു, ശശിധരന് പുതുക്കുന്ന്, പ്രമോദ് മൂകാംബിക, രാജേഷ് ആരാധന, മോഹന്‍ദാസ് ചാപ്പയില്‍ എന്നിവര്‍ സംസാരിച്ചു.