നിപ ബാധിച്ച് മരിച്ചമകനെ അവസാനമായൊന്നു കാണാനാവാതെ ഹാഷിമിന്റെ ഉമ്മയും ബാപ്പയും;
പൊലിഞ്ഞത് കുടുംബത്തിന്റെ ഏക പ്രതീക്ഷ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ വായോളി അബൂബക്കറിന്റെയും വാഹിദയുടെയും ഏകമകനായ മുഹമ്മദ് ഹാഷിം (12) നിപ ബാധിച്ച് മരിച്ചതിലൂടെ ആ കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഇല്ലാതായത്. പി.ടി.എം.എച്ച്.എസ്.എസിലെ എട്ടാംതരം വിദ്യാര്‍ഥിയായ മകനെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കുക എന്നതായിരുന്നു തെങ്ങുകയറ്റ തൊഴിലാളിയായ അബൂബക്കറിന്റെ ഏകലക്ഷ്യവും സ്വപ്നവും. അതാണ് നിപ ഇല്ലാതാക്കിയത്.
അസുഖം വരുന്നതിന്റെ തലേദിവസംവരെ തങ്ങളോടൊത്ത് കളിക്കാനുംമറ്റുമുണ്ടായിരുന്ന മുഹമ്മദ് ഹാഷിമിന്റെ മരണം കൂട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. മകനെ അവസാനമായൊന്ന് കാണാന്‍പോലും കഴിയാത്ത അബൂബക്കറിനെയും വാഹിദയെയും എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ പ്രയാസപ്പെടുകയാണ് അടുത്ത ബന്ധുക്കള്‍.
അടുത്തറിയുന്നവരോടെല്ലാം സൗമ്യമായി ഇടപഴകുന്ന മുഹമ്മദ് ഹാഷിം പാഴൂരുകാരുടെ മനസ്സില്‍ ഒരു തീരാസങ്കടമായി മാറുകയാണ്.