മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. 288 അംഗ നിയമസഭയിൽ 170 ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. 162 പേരുടെ പിന്തുണയുണ്ടെന്ന് ആണ് ഗവർണർക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ ഉണ്ടാക്കിയ സാഹചര്യത്തിൽ സഖ്യത്തിനു പിന്തുണയുമായി കൂടുതൽ സ്വതന്ത്രരും ചെറു പാർട്ടികളും എത്തിയിട്ടുണ്ട്. കോൺഗ്രസ് ശിവസേന എൻസിപി പാർട്ടികളുടെ എംഎൽഎമാർ ഇപ്പോഴും റിസോർട്ടുകളിൽ തന്നെ തങ്ങുകയാണ്. സഖ്യത്തിന് എതിർക്കുന്നില്ലെങ്കിലും സിപിഎം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിശ്വാസവോട്ടെടുപ്പ് നടത്താനായി സഭ ചേരുക.
മഹാരാഷ്ട്രയുടെ 18–ാമത് മുഖ്യമന്ത്രിയാണ് ഉദ്ധവ് താക്കറെ. താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയും. ത്രികക്ഷി സഖ്യത്തിലെ മൂന്ന് പാര്‍ട്ടികളില്‍ നിന്നും ആറുപേരും ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്തിരുന്നു. കോൺഗ്രസിൽ നിന്ന് പിസിസി പ്രസിഡന്റ് ബാലാസാഹെബ് തോറാട്ട്, നിതിന്‍ റാവത്ത് എന്നിവരും, എൻസിപിയിൽ നിന്ന് ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബൽ, ശിവസേനയിൽ നിന്ന് ഏക്നാഥ് ഷിൻഡെ, സുഭാഷ് ദേശായി എന്നിവരും ഉദ്ധവിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
അതിനിടെ മഹാരാഷ്ട്രയിൽ ബിജെപി വീണ്ടും കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്നും വിശ്വാസവോട്ടെടുപ്പിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. ഏതായാലും 162 പേരുടെ പിന്തുണ ഉദ്ധവിന് ഉറപ്പിക്കാന്‍ കഴിയുമോയെന്ന് ഇന്നറിയാം.