തൃക്കരിപ്പൂര്‍: ഗണിതത്തെ ഇഷ്ടവിഷയമാക്കാന്‍ ഒട്ടേറെ പഠനതന്ത്രങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി കുട്ടികളെ മികവിന്റെ വഴിയിലേക്ക് നയിച്ച തളങ്കര പടിഞ്ഞാറ് ജി .എല്‍. പി സ്കൂളിലെ കൃഷ്ണദാസ് പലേരിക്ക് സംസ്ഥാന തല അംഗീകാരം. പ്രൈമറി വിഭാഗത്തിലെ സംസ്ഥാന അവാര്‍ഡാണ് ഇദ്ദേഹത്തെ തേടിയെത്തിയത്.
പൊതു വിദ്യാലയങ്ങളിലെ ഗണിത ലാബുകളുടെ രൂപീകരണം, ഗണിതോത്സവങ്ങളുടെ നടത്തിപ്പ് തുടങ്ങിയവയുടെ ആശയ രൂപീകരണത്തിലും സംഘടനത്തിലും നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്
ഈ തൃക്കരിപ്പൂര്‍ തലിച്ചാലം സ്വദേശി. . രണ്ട് പാഠ്യപദ്ധതി പരിഷ്കരണസമിതികളില് അംഗമായ കൃഷ്ണദാസ് പ്രൈമറി വിഭാഗം ഗണിത കോര്‍ ഗ്രൂപ്പ്, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എ .യു. പി. എസ് ആലന്തട്ട, ജി .എസ്. ബി. എസ് കുമ്ബള, ജി.യു.പി.എസ് കൊടിയമ്മ, ജി .ജെ. ബി .എസ് മുഗു, ജി .ജെ .ബി. എസ് പേരാല്‍ എന്നീ വിദ്യാലയങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.28 വര്‍ഷത്തെ സര്‍വീസിനിടയില്‍ 20 വര്‍ഷം അദ്ധ്യാപകനായും 8 വര്‍ഷം സമഗ്രശിക്ഷയില്‍ അദ്ധ്യാപക പരിശീലകനുമായിരുന്നു.
പുഴയറിവ് തൊട്ട് രസഗണിതം വരെ
തളങ്കര പടിഞ്ഞാറ് ജി .എല്‍. പി സ്കൂളില്‍ കുട്ടികളില്‍ പരിസ്ഥിതിചിന്ത വളര്‍ത്തുന്നതിന് രൂപവല്‍ക്കരിച്ച ‘പുഴയറിവ് ‘, ഗണിത ശാസ്ത്ര പ്രശ്ന പരിഹരണത്തിനുള്ള ‘രസഗണിതം’ എന്നീ പദ്ധതികള്‍ ആവിഷ്കരിച്ചത് കൃഷ്ണദാസ് പലേരിയാണ്.
കൊവിഡ് കാലത്ത് കുട്ടികളില്‍ മാനസികോല്ലാസം വളര്‍ത്തുന്നതിനും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വീടുകളിലേക്ക് കയറിച്ചെന്നും നടത്തിയ വീട്ടിലൊരു ലൈബ്രറി, ഓണ്‍ലൈന്‍ മാജിക്, പ്രശസ്ത അതിഥികളുമായുള്ള സംവാദം എന്നിവ ആവിഷ്കരിച്ചതിലും ഇദ്ദേഹത്തിന് മുഖ്യപങ്കുണ്ട്. ഗിഫ്റ്റഡ് കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി ശില്പശാലകള് നയിച്ചു. ഫോട്ടോഗ്രാഫിയെയും വീഡിയോ ഗ്രാഫിയെയും പഠനപ്രവര്‍ത്തനങ്ങള്‍ ഉപയുക്തമാക്കുന്നതില്‍ അസാമാന്യ പാടവവുമുണ്ട്.കവ്വായിക്കായലിനെപ്പറ്റി 10 വര്‍ഷം നീണ്ട പഠന ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ തയാറാക്കിയ ഡോക്യുമെന്ററി ഈ വര്‍ഷം പുറത്തിറങ്ങും. എന്‍.സി.ഇ.ആര്.ടിക്കു വേണ്ടി എട്ടാം തരത്തിലേക്ക് ഗണിത ശാസ്ത്ര ലേണിംഗ് ഗ്രേഡിംഗ് മെറ്റീരിയലുകള്‍ തയാറാക്കിയതിലും ഇദ്ദേഹത്തിന് പങ്കുണ്ട്. സിനിമാ നിരൂപണത്തില്‍ രണ്ടു തവണ സ്വര്‍ണമെഡലും പരസ്യ രംഗത്ത് ഉജാല സ്വര്‍ണമെഡലും നേടിയിട്ടുണ്ട്. കൃഷ്ണദാസ് പലേരി തയാറാക്കിയ കുട്ടികളുടെ ചലച്ചിത്രമായ ‘കനല്‍പ്പൂവ്’ വിദ്യാഭ്യാസ വകുപ്പിന്റെ അഞ്ച് പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. പരേതരായ കെ.കുഞ്ഞിരാമന് നായരുടെയും പലേരി മീനാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: പി മിനി മക്കള്‍: സാന്ദ്രാദാസ് ,ജഗന്‍ദാസ്.