മംഗളൂരു: അയോധ്യയിലേതിന് സമാനമായി ഹിന്ദുത്വ സംഘടനകള്‍ അവകാശവാദമുന്നയിക്കുന്ന വരാണസിയിലെ ഗ്യാന്‍വാപി പള്ളിയും മഥുരയിലെ കോംപ്ലക്സും മുസ്ലീങ്ങള്‍ സ്വമേധയാ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പുരാവസ്തു ഗവേഷകന് കെ കെ മുഹമ്മദ്മംഗളൂരു ലിറ്റ് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ എക്സ്കവേറ്റിംഗ് ട്രൂത്ത് എന്ന സെഷനില്‍ ഹര്‍ഷ ഭട്ടുമായി സംസാരിക്കുകയായിരുന്നു കെ കെ മുഹമ്മദ്. അയോധ്യ സ്വമേധയാ വിട്ടുകൊടുക്കാനുള്ള അവസരം മുസ്ലീങ്ങള്‍ നഷ്ടപ്പെടുത്തി. മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരുടെ സ്വാധീനം കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും അയോധ്യയില്‍ ഖനനം നടത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഗവേഷകരിലൊരാളായ കെ കെ മുഹമ്മദ് അഭിപ്രായപ്പെട്ടു. ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അയോധ്യയോടൊപ്പം ഹിന്ദുത്വ സംഘടനകള്‍ അവകാശ വാദം ഉന്നയിക്കുന്നതാണ് വാരാണസിയിലെ ഗ്യാന്‍വാപി മുസ്ലിം പള്ളി. കാശിയിലെ പ്രശസ്തമായ വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണന് ജനിച്ചുവെന്ന് പറയപ്പെടുന്ന മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാന് കോംപ്ലക്സിലെ മുസ്ലിം പള്ളിക്ക് മേലും ഹിന്ദുത്വ സംഘടനകള്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. അയോധ്യയിലെ ബാബ്രി മസ്ജിദിന് ശേഷം ഇതുരണ്ടുമായിരിക്കും ലക്ഷ്യമെന്ന് ഹിന്ദുത്വ സംഘടനകള്‍ വ്യക്തമാക്കിയതാണ്. അയോധ്യക്കേസില്‍ സുപ്രീം കോടതി വിധിക്ക് ശേഷം വാരാണസി, മഥുര മുസ്ലിം പള്ളികളില്‍ അവകാശവാദമുന്നയിക്കില്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു.
അയോധ്യയില്‍ സത്യം പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്തതെന്നും കെ കെ മുഹമ്മദ് വ്യക്തമാക്കി. ഒരു മുസ്ലിം എന്ന നിലയില്‍ ഈ സത്യം പറയാന്‍ എനിക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടായിരുന്നു . ഏറ്റവും കൂടുതല്‍ സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുമതം. അതുകൊണ്ടാണ് ഹിന്ദുക്കള്‍ ഭൂരിപക്ഷമായിട്ടും മതേതര രാജ്യമായി ഇന്ത്യ നിലനില്‍ക്കുന്നത്. ഇന്ത്യന്‍ കലകളെയും സംസ്കാരത്തെയും കുറിച്ച് പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണം. മുസ്ലിം രാജ്യങ്ങളിലേതുപോലെ, ഇന്ത്യയില്‍ ശ്രീരാമനെപ്പോലുള്ള ഹീറോകളെ നമ്മള് ഏറ്റെടുക്കണം. ഇന്ത്യന്‍ പൈതൃകങ്ങളെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യക്കേസില്‍ സുപ്രീം കോടതി പ്രധാന തെളിവായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനം പരിഗണിച്ചിരുന്നു. ബാബ്രി മസ്ജിദിന് താഴെ ഒരു നിര്‍മിതിയുണ്ടായിരുന്നുവെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയത്.