കാസർകോട് പൊലീസിന് നേർക്ക് വെടിയുതിർത്ത് രക്ഷപ്പെട്ട സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ
ഉപ്പള: പൊലീസിന് നേർക്ക് വെടിയുതിർത്ത് രക്ഷപ്പെട്ട സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ.
ഉപ്പള മിയാപദവിലും ഹിദായത് നഗറിലും പൊലീസിന്റെ നേർക്ക് വെടിയുതിർത്ത് കർണാടകയിലേക്ക്കടന്ന ക്രിമിനൽ സംഘത്തിലെ പ്രതികളിൽ ഒരാളായ മിത്തനടുക്കയിലെ അബ്ദുൾ നഫാഫിനെ (23) യാണ് മഞ്ചേശ്വരം പൊലീസും കാസർകോട് ഡി.വൈ.എസ്.പി.യുടെ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.
2021 മാർച്ച് 25നാണ് കേസിനാസ്പാദമായ സംഭവം നടന്നത്. ഉപ്പള, ഹിദായത് നഗര്‍ എച് എന്‍ ക്ലബിൽ രാത്രി ഒമ്പത് മണിയോടെ എത്തിയ പത്തംഗ സംഘം ക്ലബ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരത്തെയും കുമ്പളയിലെയും പൊലീസ് സംഘം സംയുക്തമായി പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു.
പൈവളിഗെയിൽ വെച്ച് സംഘത്തെ പിടികൂടാൻ പൊലീസ് സംഘം കാത്തു നിന്നെങ്കിലും പ്രതികള്‍ ഊടുവഴിയിലൂടെ രക്ഷപ്പെട്ടു. ഇതിനിടയിലാണ് ഗുണ്ടാസംഘം മിയാപദവില്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസിനെ കണ്ട് ഉപേക്ഷിച്ച കെ എൽ 14 ആർ 4856 എന്ന വ്യാജ നമ്പർ പ്ലേറ്റോടുകൂടിയ സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടയിലാണ് പൊലീസിന് നേരെ വെടിയുതിര്‍ത്തത്. ഇതിൽ ഡി വൈ എസ് പിയുടെ സ്ക്വാഡ് അംഗം ബാലകൃഷ്ണൻ്റെ കൈമുട്ടിന് പരിക്കേറ്റിരുന്നു.
ഇതേ സംഘം കർണാടകയിലെ വിട്ല പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സാലത്തൂർ ചെക് പോസ്റ്റിൽ തടഞ്ഞ പോലീസിന് നേരെയും വെടിയുതിർത്തിരുന്നു. കർണ്ണാടക പൊലീസ് അക്രമികളിൽ ചിലരെ പിടികൂടുകയും ആയുധങ്ങളും വാഹനവും മയക്ക് മരുന്നും കണ്ടെത്തുകയും ചെയ്തിരുന്നു.
മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 10 പ്രതികളാണുള്ളത്.