ആത്മഹത്യ ചെയ്യുന്നെന്ന് കാട്ടി നാദിർഷാ വീഡിയോ ചിത്രീകരിച്ചു; ചോദിച്ചപ്പോൾ പ്രകോപിതനായി, ബലമായി ഞരമ്പുകളും മുറിച്ചു, കാന്തല്ലൂരിൽ നടന്ന സംഭവങ്ങൾ ഇങ്ങനെ
ഇടുക്കി: കാന്തല്ലൂരിൽ ഭ്രമരം സെറ്റിൽ മരിച്ച നിലയിൽ യുവാവിനെയും ഗുരുതരാവസ്ഥയിൽ യുവതിയെയും കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതി. മരണമടഞ്ഞ നാദിർഷ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് യുവതി പൊലീസിന് മൊഴി നൽകി . പെരുമ്പാവൂർ സ്വദേശിയായ നാദിർഷയും (30) മറയൂർ സ്വദേശിയായ അദ്ധ്യാപികയായ യുവതിയും വ്യാഴാഴ്ചയാണ് കാന്തല്ലൂരിലെ ഭ്രമരം സെറ്റിലെത്തിയത്. ഇവർ തമ്മിൽ നാല് വർഷമായി പ്രണയത്തിലായിരുന്നു.കാന്തല്ലൂരിലെത്തിയെങ്കിലും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന തന്റെ തീരുമാനത്തെ കുറിച്ചൊന്നും ഇയാൾ പറഞ്ഞിരുന്നില്ലെന്ന് യുവതി പറയുന്നു. ഇതിനിടെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു. വീട്ടിൽ പറയാൻ പറ്റിയില്ല അതിനാൽ മരിക്കാൻ തീരുമാനിച്ചു എന്ന് പറയുന്ന വീഡിയോ കാറിൽ വച്ച് നാദിർഷ ചിത്രീകരിച്ചു. ഇത് നാദിർഷയുടെ തമാശയാണെന്നാണ് താൻ കരുതിയതെന്ന് യുവതി പറയുന്നു.വീഡിയോ നാദിർഷായുടെ സഹോദരിയ്ക്ക് താൻ അയച്ചുകൊടുത്തു. ഇതറിഞ്ഞ നാദിർഷ പ്രകോപിതനായി ഫോൺ എറിഞ്ഞ് തകർക്കുകയും തന്റെ ഇരു കൈകളിലെയും ഞരമ്പ് മുറിക്കുകയും ചെയ്തെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഇതോടെ താൻ ബോധരഹിതയായതായി യുവതി പറയുന്നു. പിന്നീട് ബോധം വന്നപ്പോൾ രക്തം വാർന്ന നിലയിൽ നാദിർഷയെ കണ്ടു. യുവതി അലറി കാറിൽ നിന്നും പുറത്തിറങ്ങി ഓടിയതും നാദിർഷാ കൊക്കയിലേക്ക് വീണു. ഇയാൾ നിലതെറ്റി വീണതായും പൊലീസ് സംശയിക്കുന്നു.യുവതിയുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരോട് നാദിർഷായുടെ വിവരം യുവതി പറഞ്ഞു. പിന്നീട് ഏറെനേരം നടത്തിയ തിരച്ചിലിന് ശേഷമാണ് നാദിർഷായുടെ മൃതദേഹം ലഭിച്ചത്. യുവതി നൽകിയ മൊഴി വിശ്വസനീയമാണെന്ന് പൊലീസ് പറഞ്ഞു.നാല് വർഷം മുൻപ് യുവതി ജോലി നോക്കിയ സ്കൂളിലെ വാർഷികത്തിന് എത്തിയ നാദിർഷയുമായി യുവതി പരിചയത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. ഇരു മതവിഭാഗത്തിൽ പെട്ടവരായിരുന്നു ഇരുവരും. ഇതിനിടെ നാദിർഷായ്ക്ക് വിവാഹാലോചനകൾ വന്നതോടെയാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് വിവരം.