സിനിമയെ വെല്ലുന്ന ആസൂത്രണം, കുഴിമാടത്തിനുമേല്‍ അടുപ്പ് കത്തിച്ചത് നാലുദിവസം, പോലീസ് ‘ഉറങ്ങിയപ്പോള്‍’ ബന്ധുക്കള്‍ ഉണര്‍ന്നു, ഇടുക്കിയില്‍ ദൃശ്യം മോഡല്‍ കൊലപാതകത്തിന് ഒടുവിൽ പിടിവീണു
അടിമാലി : വീട്ടമ്മയുടെ മൃതദേഹം അടുപ്പിനടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവം നടന്നത് ദൃശ്യം സിനിമയെ വെല്ലുന്ന രീതിയില്‍. കൊച്ചുകാമാക്ഷി വലിയപറമ്പില്‍ സിന്ധുവിനെ കഴിഞ്ഞ മാസം 11 മുതല്‍ കാണാതായിട്ടും പ്രതിയെന്ന് സംശയിക്കുന്ന പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയി പോലീസിനെ വെട്ടിച്ച് മുങ്ങിയിട്ടും മൃതദേഹം കണ്ടെത്താന്‍ 23 ദിവസം വേണ്ടി വന്നു.
യുവതിയെ കാണാതായ ദിവസം മുതല്‍ പോലീസ് അന്വേഷണം ആരംഭിച്ചതു വരെയുള്ള നാലു ദിവസങ്ങള്‍ പ്രതി ബുദ്ധിപൂര്‍വം വിനിയോഗിച്ചു. മണ്‍കട്ടയില്‍ പണിത വീടിന്റെ അടുക്കളയില്‍ അടുപ്പ് പൊളിച്ചു നീക്കി അടിയില്‍ കുഴികുത്തി മൃതദേഹം കുഴിച്ചിട്ട ശേഷം അടുപ്പ് പഴയ നിലയില്‍ പണിതു.
തുടര്‍ന്ന് നാലു ദിവസം തീ കത്തിച്ചു. അതോടെ അടുപ്പില്‍ പതിവു പോലെ കരിയും ചാരവും നിറഞ്ഞു. പോലീസ് നായ എത്തിയ ശേഷവും കണ്ടെത്താനാവാത്ത നിലയില്‍ വിദഗ്ധമായി പദ്ധതി പൂര്‍ത്തിയാക്കി. ബിനോയിക്കൊപ്പമുണ്ടായിരുന്ന സിന്ധുവിന്റെ മകനെ സംഭവം നടക്കുമ്പോള്‍ ബിനോയിയുടെ ബന്ധുവിന്റെ വീട്ടിലേക്കു മാറ്റിയിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് എത്തിയതോടെ ബിനോയി മുങ്ങുകയായിരുന്നു. മുന്‍പ് തന്റെ വീട്ടില്‍ ഒളിവില്‍ കഴിയാന്‍ എത്തിയ റാന്നി സ്വദേശിയുടെ വീട്ടിലാണ് ബിനോയി ആദ്യം എത്തിയത്. ഫോണ്‍ നമ്പര്‍ പിന്തുടര്ന്ന് പോലീസ് റാന്നിയിലെത്തിയതോടെ പൊള്ളാച്ചിയിലേക്ക് കടന്നു.
ഇവിടെയും പോലീസ് അന്വേഷണം എത്തിയതോടെ പാലക്കാടും തൃശൂരും എത്തിയതായി പോലീസിന് വിവരം ലഭിച്ചു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.
പോലീസ് ‘ഉറങ്ങിയപ്പോള്‍’ ബന്ധുക്കള്‍ ഉണര്‍ന്നു; മൃതദേഹം കണ്ടെത്തി
അടിമാലി: സിന്ധുവിന്റെ തിരോധാനത്തില്‍ പോലീസ് അന്വേഷണം ഇഴയുന്നതായി മനസിലാക്കിയ ബന്ധുക്കള്‍ നടത്തിയ സമാന്തര അന്വേഷണത്തിന് ഒടുവിലാണ് ഇന്നലെ സിന്ധുവിന്റെ മൃതദേഹം കണ്ടെത്താനായത്.
12 കാരന് മകന്റെ മൊഴി പോലും പോലീസ് മുഖവിലക്കെടുത്തില്ലെന്ന് തോന്നിയ ഘട്ടത്തിലാണ് ബന്ധുക്കള്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതനുസരിച്ച് ആള്‍താമസം ഇല്ലാതിരുന്ന ബിനോയിയുടെ വീടിന്റെ അടുക്കള ഇന്നലെ സിന്ധുവിന്റെ ബന്ധുക്കള്‍ പരിശോധിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞശേഷമാണ് ബന്ധുക്കള്‍ അടുക്കളയില്‍ തിരച്ചില്‍ നടത്തിയത്. ഏതാനും ഭാഗം കുഴിച്ചു ചെന്നതോടെ മൃതദേഹത്തിന്റെ കൈകള്‍ പുറത്തു വന്നു.
തുടര്‍ന്ന് വീടിന്റെ സമീപത്തുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ബന്ധുക്കള്‍ വിവരം അറിയിച്ചു.
പിന്നീട് പോലീസ് സംഘം എത്തിയാണ് സംഭവം സ്ഥിരീകരിച്ചത്. സിന്ധുവിന്റെ മകന്റെ മൊഴിയനുസരിച്ച് ബിനോയിയുടെ വീട്ടില്‍ അടുക്കളയില്‍ പോലീസ് രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധനയില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയതായി പോലീസ് പറയുന്നുണ്ട്. എന്നാല്‍ സമീപത്ത് മുളകുപൊടി വിതറി ഇരുന്നതിനാല്‍ പോലീസ് നായയ്ക്കു മണം പിടിക്കാന്‍ കഴിഞ്ഞില്ലത്രെ. പിന്നീട് സമീപത്തെ കുളത്തിലും വീട്ടു പരിസരങ്ങളിലും പരിശോധന നടത്തി അന്ന് അന്വേഷണസംഘം മടങ്ങുകയായിരുന്നു.
പ്രതിയെന്ന് സംശയിക്കുന്ന ബിനോയിയെ പിടികൂടിയാല്‍ മാത്രമേ സംഭവത്തിന്റെ പൂര്‍ണരൂപം കണ്ടെത്താന്‍ കഴിയൂ. സംഭവത്തില്‍ മറ്റാരുടെയെങ്കിലും പങ്കു ഉണ്ടായിട്ടുണ്ടോ എന്നതടക്കം സ്ഥിരീകരിക്കുന്നതിനു ബിനോയുടെ സാന്നിധ്യം ആവശ്യമാണ്.