ഗുണനിലവാരം കുറഞ്ഞ പച്ചക്കൊളുന്തും ചായപ്പൊടിയും കേരളത്തിലേക്ക്, പിന്നിൽ സ്വകാര്യ ഏജൻറുമാർ
കട്ടപ്പന: ഇതര സംസ്ഥാനങ്ങളിൽനിന്ന് ഗുണനിലവാരം കുറഞ്ഞ പച്ചക്കൊളുന്തും തേയിലപ്പൊടിയും കേരളത്തിലേക്ക് ഒഴുകുന്നു. ഇടുക്കിയിലെ തേയിലപ്പൊടിയുടെ ഡിമാൻഡിന് ഇത് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. കർണാടകയിൽനിന്നും തമിഴ്നാട്ടിലെ ഒട്ടംഛത്രം, ഗൂഡല്ലൂർ മേഖലയിൽനിന്നുമാണ് ഗുണനിലവാരം കുറഞ്ഞ തേയില ഇടുക്കി വഴി കേരള വിപണിയിൽ എത്തുന്നത്. സർക്കാർ വിതരണം ചെയ്ത ഓണക്കിറ്റിലും ഈ തേയില കടന്നുകൂടിയതായി ആക്ഷേപമുണ്ട്.
തമിഴ്നാട്ടിൽ കിലോക്ക് 120 മുതൽ 180 രൂപക്ക് ലഭിക്കുന്ന തേയിലയാണ് കേരളത്തിൽ 300 മുതൽ 400 രൂപക്ക് വിൽക്കുന്നത്. ഇടുക്കി, വണ്ടിപ്പെരിയാർ, പീരുമേട് മേഖലകളിലെ ചില സ്വകാര്യ ഏജൻറുമാരാണ് കച്ചവടത്തിന് പിന്നിൽ. തമിഴ്നാട്ടിൽനിന്നുള്ള ഗുണനിലവാരം കുറഞ്ഞ പച്ചക്കൊളുന്ത് ഇടുക്കിയിലെ ഫാക്ടറികളിൽ എത്തിച്ച് നാടൻ തേയിലയുമായി കലർത്തി ഉണക്കി ഇടുക്കിയിലെ തേയില എന്ന പേരിൽ കൂടിയ വിലയ്ക്ക് വിൽക്കുന്ന ഏജൻറുമാരും ഉണ്ട്. ഇതോടെ ഇടുക്കി തേയിലയുടെ ഗുണനിലവാരം ഇടിഞ്ഞു.
പച്ചക്കൊളുന്തിന് കിലോക്ക് 10.36 രൂപയാണ് തേയില ബോർഡ് ആഗസ്റ്റിൽ നിശ്ചയിച്ച തറവില. എന്നാൽ, ഇടുക്കിയിൽ ഇതിലും കുറഞ്ഞ വിലയ്ക്കാണ് ഫക്ടറികൾ കൊളുന്ത് ശേഖരിക്കുന്നത്. തമിഴ്നാട്ടിൽ ഗുണ നിലവാരം കുറഞ്ഞ കൊളുന്ത് കിലോക്ക് അഞ്ചുരൂപ മുതൽ എട്ട് രൂപക്ക് വരെ ലഭിക്കും. ഇത് ഇവിടുത്തെ തേയിലയുമായി കലർത്തി വിൽക്കുന്നതുവഴി ഇടനിലക്കാർ വലിയ ലാഭമാണ് നേടുന്നത്. തമിഴ്നാട്ടിൽനിന്നും വയനാട്ടിൽനിന്നും ഗുണ നിലവാരം കുറഞ്ഞ പച്ചക്കൊളുന്തും തേയിലപ്പൊടിയും ഇടുക്കിയിലേക്ക് കൊണ്ടുവരുന്നതിനെതിരെ നടപടി സ്വീകരിക്കാൻ തേയില ബോർഡിനോട് ആവശ്യപ്പെടുമെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡൻറ് വൈ.സി. സ്റ്റീഫൻ പറഞ്ഞു.
ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിൽ പച്ചെക്കാളുന്ത് ശേഖരിക്കുമ്പോൾ രണ്ടിലയും പൊൻതിരിയുമാണ് എടുക്കുന്നത്. ഇത് ഉണക്കിപ്പൊടിക്കുന്നതുകൊണ്ടാണ് ഇടുക്കിയിലെ തേയിലക്ക് വൻ ഡിമാൻഡ്. ഇടുക്കിയിലെ തണുത്ത കാലാവസ്ഥയും ഗുണമേന്മയിൽ പ്രധാന ഘടകമാണ്.