പൊലീസിൽ ആർ.എസ്.എസ് ഗ്യാങ്: ആനി രാജയുടെ വിമർശനം തള്ളി കാനം
ന്യൂഡൽഹി: പൊലീസിനെതിരായ ആനിരാജയുടെ വിമർശനം തള്ളി സി.പി.ഐ സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യത്തിൽ പാർട്ടി നിലപാട് അറിയിച്ചത്. സി.പി.ഐ സംസ്ഥാന നേതൃത്വത്തിനോ നേതാക്കൾക്കോ അത്തരമൊരു അഭിപ്രായമില്ലെന്ന് കാനം പറഞ്ഞു.
ഈ നിലപാട് ദേശീയ നേതൃത്വത്തേയും ആനി രാജയേയും അറിയിച്ചിട്ടുണ്ട്. വിഷയം പാർട്ടി ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ആനി രാജയുടെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും കാനം പറഞ്ഞു. ശമ്പളപരിഷ്കരണ കമ്മീഷന്റെ ശിപാർശകളിലും കാനം പ്രതികരണം നടത്തി. നയപരമായ തീരുമാനമെടുക്കേണ്ട വിഷയമാണിതെന്ന് കാനം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസ് നടപടികള്‍ മനപ്പൂര്‍വ്വമാണോ എന്ന് ആനി രാജ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നില്‍ ആര്.എസ്.എസ് ഗ്യാങ് ആണെന്ന വിമര്‍ശനമാണ് ആനി രാജ പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സംഘടിത ശ്രമങ്ങളാണ് ഉണ്ടാവുന്നത്. സ്ത്രീകള്‍ക്കെതിരേ പീഡനങ്ങളും അതിക്രമങ്ങളും വർധിക്കുന്നു. പൊലീസിന്റെ അനാസ്ഥകൊണ്ട് പല മരണങ്ങളും സംഭവിക്കുന്നതായും ആനി രാജ കുറ്റപ്പെടുത്തിയിരുന്നു.