രണ്ടു ശതമാനത്തില്‍ കൂടുതല്‍ പലിശ ഈടാക്കരുതെന്ന് ഉപഭോക്ത കോടതി കാര്‍ ലോണില്‍
കൊള്ളപ്പലിശ ഈടാക്കിയെന്ന ഹരജിയില്‍ ചരിത്ര വിധി
കാസര്‍കോട്: കാര്‍ ലോണില്‍ അമിത പലിശ ഈടാക്കിയെന്ന ഹരജിയില്‍ സുപ്രധാന വിധിയുമായി ഉപഭോക്തൃ കോടതി. വാണിജ്യ ബാങ്കുകള്‍ ഈടാക്കുന്നതിന്റെ രണ്ടു ശതമാനത്തില്‍ കൂടുതല്‍ പലിശ ഈടാക്കരുതെന്നാണ് മഹീന്ദ്രാ ഫൈനാന്‍സ് കമ്പനിക്കെതിരെ ബദിയടുക്ക കേളോട്ടെ നസീമയുടെ ഹരജിയില്‍ കോടതി ഉത്തരവിട്ടത്. 2017ല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് സെക്ഷന്‍ 12 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരള ചരിത്രത്തില്‍ തന്നെ ആദ്യ വിധിയുണ്ടായത്.
2013ല്‍ രജിസ്റ്റര്‍ ചെയ്ത കെഎല്‍ 14 എന്‍ 9989 നമ്പര്‍ സ്വിഫ്റ്റ് കാറിന്റെ ലോണിന് 12-15 വരെ ശതമാനം പലിശ ഈടാക്കുന്നിടത്ത് 41 ശതമാനത്തോളം പലിശ ഈടാക്കിയെന്നാണ് പരാതി. നിശ്ചിത പലിശയാണ് വാഹന ലോണുകള്‍ക്ക് ഫൈനാന്‍സ് കമ്പനികള്‍ ഈടാക്കുന്നത്. അടവു മുടങ്ങുമ്പോള്‍ പ്രതിമാസം 3-5 ശതമാനം അധിക പലിശ ഈടാക്കുന്നു. ഒരുവര്‍ഷത്തേക്ക് 41ശതമാനത്തിന് മേലെ വരും. ഇതുസംബന്ധിച്ച കേസിലാണ് വാണിജ്യ ബാങ്കുകള്‍ ഈടാക്കുന്നതിന്റെ രണ്ടു ശതമാനത്തില്‍ കൂടുതല്‍ പലിശ ഈടാക്കരുതെന്ന സുപ്രധാന വിധിയുണ്ടായിരിക്കുന്നത്. അഡ്വ. സാജിദ് കമ്മാടാണ് കേസില്‍ ഹാജരായത്.