ജില്ലയിലെ സർക്കാർ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്തണം ജില്ലാ വികസന സമിതി
കാസർകോട് : ജില്ലയിൽ സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യമേഖലയിലേക്ക് അനുവദിച്ച ഫണ്ടുകൾ പൂർണമായും വിനിയോഗിക്കാത്തത് യോഗത്തിൽ എം.എൽ.എമാർ ചൂണ്ടിക്കാട്ടി. തുക വിനിയോഗം അവലോകനം ചെയ്യാൻ സെപ്റ്റംബർ 16ന് യോഗം ചേരാനും തീരുമാനിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു.
എം.എൽ.എ ഫണ്ട് വിനിയോഗിച്ചുള്ള നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാത്ത കരാറുകാർക്കെതിരെ കർശന നടപടിയുണ്ടാകും. ഇത് പരിശോധിക്കാൻ നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ചെറിയ പദ്ധതികൾ പോലും നീട്ടിക്കൊണ്ടു പോകുന്നത് അംഗീകരിക്കാനാവില്ല. ഇത്തരക്കാരെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും ഏറ്റെടുത്ത പ്രവൃത്തി പൂർത്തീകരിക്കും മുൻപ് തന്നെ കരാറുകാർ മറ്റു പ്രവൃത്തികൾ ഏറ്റെടുക്കാൻ അനുവദിക്കരുതെന്നും എം.എൽ.എമാർ നിർദേശിച്ചു.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി മുളിയാറിലെ എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിനായി 4.98 കോടിയുടെ അടങ്കലിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. യു.എൽ.സി.സിയാണ് നിർമ്മാണമേറ്റെടുത്തത്. പ്രവൃത്തി ഉടൻ തുടങ്ങണം. നിർമാണ പുരോഗതി വിലയിരുത്താൻ ജില്ലാ സാമൂഹ്യ നീതി ഓഫീസറോട് ആവശ്യപ്പെട്ടതായി കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി. രാജ്മോഹൻ യോഗത്തെ അറിയിച്ചു.
ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി ആരംഭിച്ച സാഹചര്യത്തിൽ നഷ്ടപരിഹാരത്തുക വിതരണം വേഗത്തിലാക്കണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു. എം.എൽ.എ ഫണ്ടിൽ പൂർത്തീകരിക്കാത്ത പദ്ധതികളുമായി ബന്ധപ്പെട്ട് കരാറുകാരുടെ യോഗം വിളിക്കണമെന്നും ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ വീടുകൾ നൽകുമ്പോൾ സ്ഥലം രജിസ്റ്റർ ചെയ്യാനുള്ള തുക ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾ നൽകേണ്ടുന്ന സ്ഥിതി ഒഴിവാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
കന്നുകാലികളിലെ കുളമ്പു രോഗവും കോഴികളിൽ വസന്തരോഗവും വ്യാപിക്കുന്നത് കർഷകരെ ആശങ്കപ്പെടുത്തുന്നതാണെന്നും മൃഗസംരക്ഷണവകുപ്പ് ഇതിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും ഇ. ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. വനത്തിലൂടെ കടന്നു പോകുന്ന പനത്തടി റാണിപുരം റോഡിന്റെ ചിലഭാഗങ്ങളിൽ വീതി കിട്ടാത്ത പ്രശ്നമുണ്ട്. ഇതിന് സ്ഥലം അനുവദിക്കാൻ നടപടി സ്വീകരിക്കണം. റീസർവേ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭയിൽ ബാക്കിയുള്ള കേസുകളിൽ പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി പരിഹാരം കാണണമെന്നും എം.എൽ.എ പറഞ്ഞു.
തെക്കിൽ ആലട്ടി റോഡിൽ ബേഡകം വില്ലേജിലെ സ്ഥലമേറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. ഭൂമി കൈയേറ്റം നടന്ന പനയാൽ സ്കൂളിന്റെ മൂന്ന് ഏക്കർ സ്ഥലം തിരിച്ചു പിടിക്കണം. ദേലംപാടി പഞ്ചായത്തിൽ കെ.എസ്.ഇ.ബി അനുവദിച്ച 33 കെ വിസബ് സ്റ്റേഷന് വേണ്ടി അനുയോജ്യമെന്ന് കണ്ടെത്തിയ അഡൂർ വില്ലേജിലെ സ്ഥലം ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
എം.എൽ.എ ഫണ്ട് പ്രവൃത്തികളിൽ ബാക്കിയുള്ള ബില്ലുകൾ എത്രയും വേഗം സമർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് എം.രാജഗോപാലൻ എം.എൽ.എ പറഞ്ഞു. കൊന്നക്കാട്-എളേരിത്തട്ട്- കാഞ്ഞങ്ങാട് റൂട്ടിൽ 15വർഷമായി സർവീസ് നടത്തിക്കൊണ്ടിരുന്ന ബസ് സർവീസ് പുനരാംരംഭിച്ച് മലയോരത്തെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ അടിയന്തിര ഇടപെടൽ വേണമെന്നും തൃക്കരിപ്പൂർ മണ്ഡലത്തിലെ മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് അനുവദിച്ച ആംബുലൻസുകൾ നിരത്തിലിറക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടു നൽകേണ്ടി വരുന്നവർക്ക് ഏറ്റക്കുറച്ചിലുകളില്ലാതെ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് എ.കെ.എം.അഷ്റഫ് എം.എൽ.എ പറഞ്ഞു. ഉദ്യോഗസ്ഥ താൽപര്യങ്ങൾക്കനുസരിച്ച് തുക നിശ്ചയിക്കപ്പെടരുതെന്നും ഇത് സംബന്ധിച്ച സമഗ്ര അന്വേഷണം വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത,
രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രതിനിധി സാജിദ് മൗവ്വൽ, ജില്ലാ പ്ലാനിങ് ഓഫീസർ എ.എസ്.മായ, ഡെപ്യൂട്ടി കളക്ടർ കെ രവികുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.