സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണം, ആഴ്ചയിൽ അഞ്ചു ദിവസം മാത്രം ജോലി,ശമ്പള പരിഷ്കരണ കമീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് ശമ്പള പരിഷ്കരണ കമീഷൻ ശിപാർശ. പെൻഷൻ പ്രായം 56ൽ നിന്ന് 57 വയസായി ഉയർത്തണമെന്നാണ് ശിപാർശ. മുഖ്യമന്ത്രിക്ക് ഇന്നലെ സമർപ്പിച്ച ശമ്പള പരിഷ്കരണ കമീഷന്റെ രണ്ടാമത്തേതും അവസാനത്തെയുമായ റിപ്പോർട്ടിലാണ് ശിപാർശകൾ ഉള്ളത്.
അവധി ദിവസങ്ങൾ വർഷത്തിൽ 12 ദിവസമാക്കണം. ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ജോലി. ജോലി സമയം രാവിലെ ഒമ്പത് മുതൽ അഞ്ചു മണി വരെ ക്രമീകരണമെന്നും കമീഷൻ ശിപാർശ ചെയ്യുന്നുണ്ട്.
സർവീസിലിരിക്കെ മരിച്ചവരുടെ കുടുംബങ്ങൾക്ക് പൂർണ പെൻഷൻ നൽകണം. പട്ടിക വിഭാഗങ്ങൾക്കും ഒ.ബി.സി വിഭാഗങ്ങൾക്കും മാറ്റിവെച്ചിട്ടുള്ള സംവരണത്തിന്റെ 20 ശതമാനം, ആ വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽകുന്നവർക്ക് നൽകണം.
സർക്കാർ എയ്ഡഡ് സ്കൂളുകളിലെ നിയമന ഒഴിവുകൾ ഏറ്റവും പ്രചാരമുള്ള രണ്ട് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. കൂടാതെ, വിദ്യാഭ്യാസ വകുപ്പിന്റെയും സ്കൂളിന്റെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കണം. ബോർഡിൽ മാനേജ് മെന്റ് പ്രതിനിധി വേണമെന്നും ശമ്പള പരിഷ്കരണ കമീഷൻ ശിപാർശ ചെയ്യുന്നു.