ബൈക്കില്‍ സഞ്ചരിച്ച് മാലകവര്‍ച്ച: കോട്ടയം സ്വദേശികള്‍ അറസ്റ്റില്‍
ആലപ്പുഴ: ബൈക്കില്‍ സഞ്ചരിച്ച് മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസില്‍ കോട്ടയം സ്വദേശികള്‍ പിടിയില്‍. പൂഞ്ഞാര്‍ കീരിയാനിക്കല്‍ സുനില്‍ സുരേന്ദ്രന് (കീരിസുനി-43), അരുവിത്തറ ചേലപ്പീരുപറമ്പില് മുഹമ്മദ് ഷംഷാദ് അല്‍ത്താഫ് (കുട്ടാപ്പി-30) എന്നിവരെയാണ് പ്രത്യേക അനേ്വഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഒന്പതിനു പൂച്ചാക്കല്‍ സ്റ്റേഷന് പരിധിയിലും ജില്ലയിലുമായി ആറിടങ്ങളില്‍ ഇത്തരം മോഷണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
ഇതില്‍ അഞ്ചിടങ്ങളില്‍ മോഷണം നടത്തിയ രണ്ടു പ്രതികളെ പിടികൂടി. എന്നാല്‍, പൂച്ചാക്കലില്‍ മോഷണം നടത്തിയവരെ പിടികിട്ടിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ സംസ്ഥാനങ്ങളില്‍ മാറിമാറി സഞ്ചരിച്ചും ഫോണുകള്‍ മാറിമാറി ഉപയോഗിച്ചുമാണ് പോലീസിനെ വെട്ടിച്ചത്. ഇന്നലെ ഇരുവരെയും പെരിന്തല്‍മണ്ണയിലെ അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
2019 ല്‍ മാലമോഷണത്തിനു സുനില്‍ ജയിലിലായിരുന്നു. 2020 ല്‍ മോചിതനായശേഷം പാലക്കാട് സ്വദേശിനിയെ വിവാഹം ചെയ്ത് മലപ്പുറം പെരിന്തല്‍മണ്ണ ഭാഗത്തായിരുന്നു താമസം. പൂച്ചാക്കല്‍, തൃപ്പൂണിത്തുറ, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ മാലപൊട്ടിക്കലും രണ്ട് ബൈക്ക് മോഷണവും നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. മാലകള്‍ പട്ടാമ്പി സ്വദേശിക്ക് വിറ്റതായി അനേ്വഷണ സംഘം കണ്ടെത്തി. പ്രതി മുഹമ്മദ് ഷംഷാദ് അല്‍ത്താഫ് എട്ടിലധികം കേസുകളില്‍ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അനേ്വഷണ സംഘത്തില്‍ ഉള്‍പ്പെട്ട ചേര്‍ത്തല ഡിവൈ.എസ്.പി. വിനോദ് പിള്ള, ആലപ്പുഴ ഡിവൈ.എസ്.പി. എന്‍.ആര്.ജയരാജ്, പൂച്ചാക്കല്‍ എസ്.ഐ അജയ് മോഹന്‍, ആലപ്പുഴ സൗത്ത് എസ്.ഐ ടി.ഡി നെവിന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.