ദൃഷ്ടി: ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതികളില്‍ നടപടി,ബുധനാഴ്ച വിളിച്ചത് ആറ് പേര് മാത്രം
കാസർകോട് : പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിയ്ക്ക് വീഡിയോ കോളിലൂടെ നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്ന ‘ദൃഷ്ടി’ പരിപാടിയിലേക്ക് ബുധനാഴ്ച വിളിച്ചത് ആറ് പേര്. ലഭിച്ച ആറ് പരാതിയിലും നടപടി സ്വീകരിച്ചു. ചന്തേര പോലീസ് സ്റ്റേഷന് പരിധിയില്‍ ഭാര്യയെ ഭര്‍ത്താവ് മദ്യപിച്ച് ഉപദ്രപിക്കുന്നു എന്ന പരാതിയില്‍ പരാതി സ്വീകരിച്ച് കേസ് എടുക്കാന്‍ ചന്തേര എസ്എച്ച്ഒയ്ക്ക് നിര്‍ദ്ദേശം നല്കി. നീലേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ വാഹന കൈമാറ്റവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ പരാതിയില്‍ കൃത്യമായി അന്വേഷണം നടത്തി രണ്ടു ദിവസത്തിനുള്ളില്‍ പരാതി തീര്‍പ്പു കല്പിക്കാന് നീലേശ്വരം എസ് എച്ച് ഓയ്ക്ക് നിര്‍ദ്ദേശം നല്കി.
അമ്പലത്തറ സ്റ്റേഷന് പരിധിയില്‍ വഴി തതര്ക്കവുമായി ബന്ധപ്പെട്ട സ്ത്രീയുടെ പരാതിയില്‍ അടിയന്തിരമായി സ്ഥലം സന്ദര്‍ശിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിനും നിര്‍ദ്ദേശം നല്കി. വ്യക്തിഗത പരാതിക്ക് പുറമേ നീലേശ്വരം പോലീസ് സ്റ്റേഷന് പരിസരത്ത് കേസില്‍ പെട്ട വാഹനങ്ങള്‍ കുമിഞ്ഞു കൂടിയത് ശ്രദ്ധയില്‍ പെടുത്തിയ റിട്ട. അധ്യാപകന്റെ പരാതിയിലും നടപടി ത്വരിതപ്പെടുത്തി.
എല്ലാ ബുധനാഴ്ചയും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ വാട്ട്സാപ്പ് വഴി ജില്ലാ പോലീസ് മേധാവിയെ പരാതികള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ വാട്ട്സാപ്പ് നമ്പറായ 9497928009 ലേക്കാണ് വീഡിയോ കോള്‍ വിളിച്ച് പരാതി അറിയിക്കേണ്ടത്.