കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണം; ‘തെളിവുകളു’മായി ജലീല്‍ ഇ.ഡി ഓഫീസില്‍
മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണത്തില്‍ വിശദീകരണം നല്കാന് കെ.ടി ജലീല്‍ ഇ.ഡി ഓഫീസിലെത്തി. രാവിലെ 10.50 ഓടെയാണ് ജലീല്‍ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തിയത്. ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറിയേക്കുമെന്നാണ് വിവരം. അതേസമയം, ‘തിരിച്ചുവന്നിട്ടു പറയാം’ എന്നായിരുന്നു ഇഡി ഓഫീലേക്ക് കയറുന്നതിനുമുമ്പ് ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എ.ആര് നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്നായിരുന്നു ജലീലിന്റെ ആരോപണം. 300 കോടി കള്ളപ്പണം ഉണ്ട്. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണ്. ചന്ദ്രിക അക്കൗണ്ട് വഴിയും കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ടെന്നും ജലീല്‍ ആരോപിച്ചിരുന്നു. ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഇ.ഡി ജലീലിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജലീല്‍ ഇന്ന് ഇ.ഡി ഓഫീസിലെത്തിയത്. ജലീല്‍ നല്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും കേസിന്റെ മുന്നോട്ടുള്ള നടപടികള്‍.