മുംബൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ അടുത്തത് ഗോവയാണ് എന്ന സൂചന നല്കി ശിവസേന. ഇനി ‘രാഷ്ട്രീയ അത്ഭുതം’ സംഭവിക്കാന്‍ പോകുന്നത് ഗോവയിലെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് സൂചിപ്പിച്ചതാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഗോവയിലെ ഗോവാ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) അദ്ധ്യക്ഷന്‍ വിജയ് സര്‍ദേശായിയും മൂന്ന് എംഎല്‍എമാരും സഞ്ജയ് റാവത്തിനെ വിളിച്ചതാണ് ഇപ്പോഴത്തെ രാഷ്ട്രീയ അഭ്യൂഹങ്ങളിലേക്ക് നയിക്കുന്നത്.ശിവസേനയുടെ പുതിയനീക്കം ബി.ജെ.പിയുടെ ചങ്കിടിപ്പ് ഇരട്ടിപ്പിച്ചു.
ഗോവ ഭരിക്കുന്ന ബിജെപിയെ പുറത്തു നിന്നും പിന്തുണയ്ക്കുന്നതില്‍ മൂന്ന് ജിഎഫ്പി എംഎല്‍എ മാരും ഒരു സ്വതന്ത്രനും ഉണ്ട്. നാലു പേരും ശിവസേനയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഇതിനൊപ്പം മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടി നേതാവ് സുധിന്‍ ദാവ്ലിക്കര്, ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് ചില എംഎല്‍എമാര്‍ എന്നിവരെല്ലാം ശിവസേനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റൗത്ത് പറയുന്നു. ഗോവ സര്‍ക്കാരിന് ധാര്‍മ്മികത നഷ്ടമായിരിക്കുന്നു. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് ഉള്‍പ്പെടെ ബിജെപി ഇതരരുടെ മുന്നണി ഉണ്ടാക്കുകയാണ്.
‘രാജ്യത്തുടനീളം ഇതു സംഭവിക്കും. മഹാരാഷ്ര്ടയ്ക്കു ശേഷം ഇപ്പോള്‍ ഗോവ. അതിനുശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക്. രാജ്യത്ത് ബി.ജെ.പി ഇതര രാഷ്ര്ടീയ മുന്നണി രൂപീകരിക്കുകയാണു ഞങ്ങളുടെ ലക്ഷ്യം. ഇത് ഗോവയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വെയ്ക്കും അത് ഗോവയില്‍ മറ്റൊരു അത്ഭുതത്തിന് കാരണമാകുമെന്ന് കരുതുന്നതായും റൗത്ത് പറയുന്നു.