ബിഗ് ബോസ് താരം സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതം മൂലം അന്തരിച്ചു
മുംബൈ:ബിഗ് ബോസ് 13 സീസണ് വിജയിയും നടനുമായ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. അമ്മയും രണ്ടു സഹോദരിമാരുമാണ് ശുക്ലക്കുള്ളത്.
ഉറങ്ങുന്നതിനു മുന്‍പ് ശുക്ല ചില മരുന്നുകള്‍ കഴിച്ചിരുന്നതായി മുംബൈ കൂപ്പര്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കുറച്ചു നാള് മുന്‍പ് ശുക്ല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി കൂപ്പര്‍ ആശുപത്രിയിലെ മുതിര്‍ന്ന ജീവനക്കാരന് പി.ടി.ഐയോട് പറഞ്ഞു.
മോഡലായ ശുക്ല ടെലിവിഷനിലൂടെയാണ് തന്റെ അഭിനയജീവിതം തുടങ്ങുന്നത്. റിയാലിറ്റി ഷോകളായ ബിഗ് ബോസ് ഒടിടിയിലും ഡാന്‍സ് ദീവാനെ 3 ലും കാമുകി ഷെഹ്നാസ് ഗില്ലിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. കരണ്‍ ജോഹര്‍ നിര്‍മിച്ച ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ബിസിനസ് ഇന്‍ കസാഖിസ്ഥാന്‍ എന്ന സിനിമയിലും വേഷമിട്ടിരുന്നു.