കാസര്‍കോട് : കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് സംഭവിക്കുമായിരുന്ന വലിയ അത്യാഹിതം പോലീസിന്റെ സമയോചിത ഇടപെടലിലൂടെ ഒഴിവാക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് മൊഗ്രാല്‍ പുത്തൂരിലെ ജനങ്ങള്‍ .
പുലര്‍ച്ചെ മൂന്ന് മണിക്ക് കാസർകോട് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കാള്‍ വരുന്നു .സാര്‍ ഉടനെ എത്തണം എന്റെ ഭര്‍ത്താവ് വല്ലാതെ ഉപദ്രവിക്കുന്നു . വല്ലാതെ പരിഭ്രമിച്ച ഒരു സ്ത്രീയായിരുന്നു ഫോണില്‍ വിളിച്ചത് .പോലീസ് കൃത്യമായ സ്ഥലം ചോദിച്ചറിഞ്ഞു ഒട്ടും താമസിയാതെ നേരെ സംഭവ സ്ഥലത്തേക്ക് കുതിച്ചു .
മൊഗ്രാല്‍ പുത്തൂരിലെ വീട്ടിലെത്തിയ പോലീസ് കാണുന്നത് ഭയന്ന് വിറച്ചു നില്ക്കുന്ന യുവതിയെയാണ് . വിവരങ്ങള്‍ ചോദിച്ചറിഞ്ഞ എ എസ് ഐ , കെ വി ജോസഫ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, ജെയിംസ് എന്നിവര്‍ യുവതിയെയും മൂന്ന് കുട്ടികളെയും വീട്ടില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചു . ഇവരെയും കൊണ്ട് വിടും പൂട്ടി ഇറങ്ങി ഇടവഴിയില്‍ എത്തിയപ്പോള്‍ ഇരുളിന്റെ മറവില്‍ ഒരു മതിലിന്റെ മുകളിൽ നിന്ന് ഭര്‍ത്താവ് യുവതിയുടെ നേര്‍ക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പോലീസുകാരുടെ ശരീരത്തിലും പെട്രോൾ വീണു. യുവാവ് തീ കൊളുത്തൻ തീപ്പെട്ടി എടുത്തെങ്കിലും പോലീസ് തിരിച്ചടിച്ചതോടെ ഇയാൾ മതിൽ കടന്ന് ഇരുളിൻ്റെ മറവിൽ ഓടിക്കളഞ്ഞു. പ്രതികരിക്കാൻ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ പോലീസുകാരുൾപ്പെടെ എല്ലാവർക്കും പൊള്ളൽ ഏൽക്കുമായിരുന്നു. അതിസാഹസികമായണ് യുവതിയെ ഇവിടെ നിന്ന് പോലീസ് രക്ഷപ്പെടുത്തിയത്.
സംഭവത്തില്‍ കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ ഹബീബ് (26) നെതിരെ ഇന്ന്ത്യന് ശി ക്ഷാ നിയമം 307-ാം വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. യുവതിയെ ദ്രോഹിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. മറ്റു കുറ്റകൃത്യങ്ങൾക്കുള്ള വകുപ്പുകളും കേസ് ഉൾപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി. യുവാവിനെതിരെ നേരത്തെയും കേസുള്ളതായി പൊലീസ് അറിയിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറും പൂഴിത്തൊഴിലാളിയുമാണ് യുവാവ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ നടന്നുവരുന്നു.