പത്രാധിപരുടെ വീടിന് നേരെ ബോംബാക്രമണം; കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണം: എസ്ഡിപിഐ
കാഞ്ഞങ്ങാട്: ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ വീടിന് നേരെയുണ്ടായ സ്റ്റീൽ ബോംബാക്രമണത്തിൽ കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് എസ്ഡിപിഐ. പത്രാധിപരെ വധിക്കാനുള്ള ശ്രമം അസഹിഷ്ണുതയുടെ അങ്ങേയറ്റമാണ്. എതിരഭിപ്രായങ്ങളെ അക്രമത്തിലൂടെ ഇല്ലായ്മ ചെയ്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ചെറുക്കപ്പെടണം. മാധ്യമങ്ങളുടെ വായടപ്പിക്കാൻ അക്രമം നടത്തുന്നവരെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
ബോംബാക്രമണമുണ്ടായ പത്രാധിപരുടെ കൊവ്വൽപ്പള്ളിയിലെ വീടും ‘ലേറ്റസ്റ്റ്’ ഓഫീസും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു നേതാക്കൾ. എസ്ഡിപിഐ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ടി. അബ്ദുൽ സമദ് പാറപ്പള്ളി, സെക്രട്ടറി അബ്ദുൽ റഹ്മാൻ മൗലവി, വൈസ്പ്രസിഡന്റ് അഷ്റഫ് പടന്നക്കാട്, ട്രഷറർ സെബീൽ മീനാപ്പീസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ബോംബാക്രമണം നടത്തിയ അക്രമികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിനു മുന്നിൽ എത്തിക്കണം. ദിവസങ്ങൾക്കു മുമ്പ് കാസർഗോട്ടെ ‘പബ്ലിക് കേരള’ എന്ന മാധ്യമ സ്ഥാപനത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. മാധ്യമങ്ങൾക്ക് നേരെയുള്ള സാമൂഹ്യദ്രോഹികളുടെ കയ്യേറ്റങ്ങളിൽ എസ്ഡിപിഐ ശക്തമായ പ്രതിഷേധം അറിയിച്ചു.