കോവിഡ് വാക്സിനേഷന്: വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും മുന്‍ഗണന ,ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്
കാസർകോട് : 18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ എന്നിവരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കോവിഡ് വാക്സിനേഷന് വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദേശം നല്കി. ഓണ്‍ലൈനില്‍ നടത്തിയ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം. വിദ്യാര്‍ഥികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, മറ്റ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്കി പ്രത്യേക വാക്സിനേഷന് ക്യാമ്പുകള്‍ നടത്തും. ഇതര ഗുരുതര അസുഖങ്ങളുള്ളവര്‍ക്കും വാക്സിന് ലഭ്യമാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ കോവിഡ് സ്ഥിരീകരണ നിരക്ക് പരമാവധി കുറച്ചു കൊണ്ടുവരാന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും പരമാവധി ആര്‍ടിപിസിആര്‍ തന്നെ ചെയ്യാനും യോഗം തീരുമാനിച്ചു.
ബോധവത്കരണത്തിനായി ആരംഭിച്ച മാഷ് പദ്ധതിയുടെ പ്രവര്‍ത്തനം സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ച സാഹചര്യത്തില്‍, താല്‍ക്കാലികമായി അവസാനിപ്പിച്ചു. ആവശ്യമെങ്കില്‍ പിന്നീട് പുനരാരംഭിക്കും. മാഷ് ഡ്യൂട്ടി നിര്‍വഹിച്ച അധ്യാപകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ച തൊഴിലാളികളെ മടക്കര ഹാര്‍ബറില്‍ പ്രവേശിപ്പിക്കാനും ഹാര്‍ബറിനുള്ളിലെ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കാനുമുള്ള ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റി തീരുമാനത്തിന് യോഗം അംഗീകാരം നല്കി. നേരത്തെ ആര്.ടി.പി.സി.ആര് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കുമായിരുന്നു പ്രവേശനാനുമതി. ഹാര്‍ബറില്‍ കോവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ആളുകള്‍ കൂട്ടം ചേരാന്‍ പാടില്ല.
സമയബന്ധിതമായി ഓഡിറ്റ് പൂര്‍ത്തീകരിക്കേണ്ടതിനാല്‍ സെക്ടറല്‍ മജിസ്ട്രേറ്റ് ചുമതലയിലുള്ള സഹകരണ ഓഡിറ്റര്‍മാരെ മാറ്റി പകരം സഹകരണ വകുപ്പില്‍ നിന്നു തന്നെ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാനും തീരുമാനിച്ചു.
സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ആരോഗ്യ വകുപ്പിന് വാക്സിന് കാരിയര്‍ വാഹനം വാങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ക്ക് നിര്‍ദേശം നല്കി.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.ആര്.രാജന്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്) കെ.രവികുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സുധാകരന്, ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്, ഹുസൂര്‍ ശിരസ്തദാര്‍ ശ്രീജയ, മറ്റു കോര്‍കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.