‘ജനങ്ങളെ ഒഴിഞ്ഞ വയറുമായി ഉറങ്ങാൻ വിടുന്നയാൾ തണലിൽ ഉറങ്ങുന്നു’; മോദിക്കെതിരെ രാഹുൽ
ന്യൂഡൽഹി: രാജ്യത്തെ പാചക വാതക -ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അനീതിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ മൂന്നാം മാസവും രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്.
കേന്ദ്രസർക്കാർ ചുമത്തിയ നികുതികൾ ഒഴിവാക്കി പെട്രോൾ, ഡീസൽ, പാചകവാതക വില കുറക്കണമെന്നാണ് കോൺഗ്രസിന്റെ നിർദേശം. ഇന്ധനവില വർധനവിനെതിരെ പ്രതിേഷധം സംഘടിപ്പിക്കാനും പ്രതിപക്ഷം ആഹ്വാനം ചെയ്തിരുന്നു.
‘പൊതു ജനങ്ങളെ ഒഴിഞ്ഞ വയറുമായി ഉറങ്ങാൻ നിർബന്ധിതരാക്കുന്ന ഒരു സുഹൃത്ത് തണലിൽ ഉറങ്ങുകയാണ്. ഈ അനീതിക്കെതിരെ രാജ്യം ഒറ്റക്കെട്ടായിരിക്കും’ -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ത്യ ബി.ജെ.പിയുടെ കൊള്ളക്ക് എതിരാണ് എന്ന ഹാഷ്ടാഗിലാണ് രാഹുലിന്റെ ട്വീറ്റ്. കൂടാത മെട്രോ നഗരങ്ങളിലെ പാചകവാതക വില വിവര പട്ടികയും രാഹുൽ പങ്കുവെച്ചിട്ടുണ്ട്.
ഒരു മാസത്തിനുള്ളിൽ രണ്ടാമെത്ത തവണയാണ് പാചക വാതകത്തിന്റെ വില വർധിപ്പിക്കുന്നത്. ആഗസ്റ്റ് എട്ടിന് സിലിണ്ടറിന് 25 രൂപ വർധിപ്പിച്ചിരുന്നു. ആഗോള വിപണയിലെ അസംസ്കൃത എണ്ണവിലയും വിനിമയ നിരക്കുമാണ് പാചക വാതക വില നിർണയിക്കുകയെന്നാണ് എണ്ണക്കമ്പനികളുടെ വാദം.