താപനില ക്രമീകരിച്ചതിലെ വീഴ്ച; കോഴിക്കോട് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിലെ 800 ഡോസ് കോവിഷീല്‍ഡ് ഉപയോഗശൂന്യമായി
കോഴിക്കോട് :കോഴിക്കോട് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചുവച്ച 800 ഡോസ് കോവിഷീല്‍ഡ് വാക്സിന് തണുത്തുറഞ്ഞ് ഉപയോഗശൂന്യമായി പോയി. താപനില ക്രമീകരിച്ചതിലെ വീഴ്ചയാണ് വാക്സിന് പാഴാകാന്‍ കാരണം. ജീവനക്കാരുടെ വീഴ്ചയെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രണ്ട് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയിലാണ് കോവിഷീല്‍ഡ് വാക്സിന് സൂക്ഷിക്കേണ്ടത്. എന്നാല്‍ മൈനസ് ഡിഗ്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചതാണ് തണുത്തുറഞ്ഞ് പോകാന്‍ കാരണം. ഇതുമൂലം പെരുവയല്‍, മാവൂര്‍ , പെരുമണ്ണ പഞ്ചായത്തുകളിലെ വാക്സിന് വിതരണം താളം തെറ്റി. എട്ടുലക്ഷം രൂപയോളം വില വരുന്ന വാക്സിനാണ് പാഴായത്. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ചെറൂപ്പയിലെ സംഭവം സംസ്ഥാനത്തെ സീറോ വേസ്റ്റേജെന്ന പ്രചാരണത്തിന് കളങ്കമായെന്ന് ബിജെപി കുറ്റപ്പെടുത്തി.
അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സൗജന്യ വാക്സിന് പാഴാക്കിയതിനെതിരെ മുസ്ലിം ലീഗ്, ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രി ഉപരോധിച്ചു.
ഇത്തരത്തില്‍ ആസാമിലാണ് ഇതിന് മുന്‍പ് വാക്സിന് പാഴായത്. ആയിരം ഡോസാണ് അവിടെ തണുത്തുറഞ്ഞ് പോയത്.