ആരോഗ്യരംഗത്തുള്‍പ്പെടെ മുന്തിയ പരിഗണന,നൂറുദിനത്തില്‍ കാസർകോട് ജില്ലയിലെത്തിയ പദ്ധതികള്‍ അറിയാം
കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടി സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനത്തില്‍ സമഗ്ര വികസന കാഴ്ചപ്പാടോടെയുള്ള പദ്ധതികള്‍. ആരോഗ്യ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയത്. നിര്‍മാണ പുരോഗതിയിലുള്ള ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജിന് 160 കോടി രൂപയാണ് അനുവദിച്ചത്. ആശുപത്രി കെട്ടിടത്തിന്റെ ഇലക്ട്രിക്കല്‍ അടക്കം ആശുപത്രി ഉപകരണങ്ങള്‍, ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സ്, മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ക്കായാണ് 160 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചത്. ടാറ്റ ഗവ. കോവിഡ് ആശുപത്രി സ്വീവേജ് ട്രീറ്റ് മെന്റ് പ്ലാന്റിന് 1.10 കോടി രൂപയുടെ പദ്ധതിക്കും ഭരണാനുമതി ലഭിച്ചത് ഈ കാലയളവിലാണ്. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി അവസാന വട്ട പ്രവൃത്തികളിലാണ്.
മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയിലൂടെ സംസ്ഥാനത്ത് ഭാരത് മാല പദ്ധതിയില്‍ 11 റോഡുകള്‍ വരുമ്പോള്‍ ജില്ലയുടെ രണ്ട് പ്രധാന റോഡുകള്‍ ആ പദ്ധതിയില്‍ പ്രഖ്യാപിക്കപ്പെട്ടു. ഹോസ്ദുര്‍ഗ്-പാണത്തൂര്‍-ബാഗമണ്ഡല-മടിക്കേരി അന്തര്‍ സംസ്ഥാനപാതയില്‍ കേരളത്തിന്റെ അതിര്‍ത്തിയായ ചെമ്പേരി വരെയുള്ള റോഡാണ് പദ്ധതിയിലൂടെ യാഥാര്‍ഥ്യമാകുന്നത്. നിലവില്‍ പൂടംകല്ല് വരെ പാത മെക്കാഡാം ടാര്‍ ചെയ്തിട്ടുണ്ട്. ചെര്‍ക്കള-കല്ലടുക്ക 29 കിലോമീറ്റര്‍ അന്തര്‍ സംസ്ഥാന പാതയും ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെട്ടു. കാസര്‍കോട്്, മഞ്ചേശ്വരം മണ്ഡലങ്ങളിലൂടെ കടന്നു പോകുന്നതാണ് റോഡ്. നിലവില്‍ നടക്കുന്ന നിര്‍മാണങ്ങള്‍ക്ക് കാസര്‍കോട് മണ്ഡലത്തില്‍ 39.76 കോടിയുടെയും മഞ്ചേശ്വരം മണ്ഡലത്തില്‍ 27.5കോടിയുടെയും എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്.
കാസര്‍കോട് ബെദ്രടുക്കയിലെ നവരത്ന കമ്പനിയായ ഭെല്‍ ഇ.എം.എല്ലിന്റെ യൂണിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്ലിന്റെ 51 ശതമാനം ഓഹരിയാണ് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയത്. കോടികളുടെ നഷ്ടത്തിലായ സ്ഥാപനത്തില്‍ തൊഴിലാളികള്‍ക്ക് മാസങ്ങളോളം ശമ്പളം മുടങ്ങുകയും സ്ഥാപനം പൂട്ടിപ്പോകുകയും ചെയ്ത ഘട്ടത്തിലാണ് സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.
പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്റ് സിറാമിക്സിന്റെ കരിന്തളം യുണിറ്റില്‍ ആരംഭിച്ച മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദന കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നൂറുദിന പദ്ധതിയുടെ ഭാഗമായി തുടക്കമായി. ഉല്‍പ്പാദന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും പച്ചത്തുരുത്തിന്റെയും മത്സ്യകൃഷി ഇറക്കലിന്റെയും ഉദ്ഘാടനവും നടന്നു. ജീവനക്കാരുടെ കുറവ് സാരമായി ബാധിച്ചിരുന്ന ജില്ലയില്‍ ഒഴിവുള്ള തസ്തികകള്‍ ഭൂരിഭാഗവും നൂറുദിവസത്തിനിടയില്‍ നികത്തപ്പെട്ടതും നേട്ടമാണ്. മഞ്ചേശ്വരത്ത് ഫോറസ്റ്റ് ചെക് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിലെ പെരുമ്പട്ട പാലം തുറന്നു കൊടുത്തതും ഇക്കാലയളവിലാണ്. ഉദുമ വടക്കുംതൊട്ടിയില് മെറ്റിരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററും തുറന്നു.
കുറ്റിക്കോല്‍ 110 കെ.വി സബ് സ്റ്റേഷന് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ നടപടിയായി. ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാന പാത വികസനത്തിനുള്ള 100 കോടിയുടെ പദ്ധതി സമര്‍പ്പിക്കപ്പെട്ടു. പെരിയ ഒടയംചാല്‍ റോഡ്, പെരിയ- ആയംകടവ് റോഡ്, ബേക്കല്‍ സൗത്ത് പാര്‍ക്ക് ബീച്ച് വികസനം എന്നിവക്ക് ഭരണാനുമതി ലഭിച്ചു. ഉദുമയില്‍ മാരിടൈം അക്കാദമിയും നീലേശ്വരത്ത് പുരാവസ്തു മ്യൂസിയവും പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ പൂര്‍ത്തിയായ കാഞ്ഞങ്ങാട്ടെ 2.74 കോടിയുടെ തടിയന്‍വളപ്പ് പാലം ഉദ്ഘാടനത്തിന് സജ്ജമായി. രണ്ടരക്കോടി ചിലവില്‍ മാലക്കല്ല് പൂക്കയം റോഡ്, 15.80 കോടിയുടെ ചെമ്മട്ടംവയല്‍ കാലിച്ചാനടുക്കം റോഡിലെ മുണ്ടോളില്‍ നിന്നുള്ള 10 കിലോമീറ്റര്‍, കള്ളാര്‍ ചുള്ളിത്തട്ട് റോഡ് തുടങ്ങിയ പദ്ധതികള്‍ ആരംഭിക്കാനിരിക്കുകയാണ്.
പിലിക്കോട് ആയുര്‍വ്വേദ ആശുപത്രി കെട്ടിടം, എളേരിത്തട്ട് കോളേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടം, അഞ്ചു കോടി രൂപ ചില വില്‍ വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് പണിത പുതിയ ബ്ലോക്ക് തുടങ്ങിയ പദ്ധതികള്‍ യാഥാര്‍ഥ്യമായതും സര്‍ക്കാരിന്റെ നൂറുദിനത്തിലാണ്. വലിയ പറമ്പ ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഒരുക്കിയ ബോട്ട് സര്‍വ്വീസ് പ്രവര്‍ത്തനമാരംഭിക്കാന്‍ സജ്ജമായതും സര്‍ക്കാരിന്റെ നൂറു ദിനത്തിലെ നേട്ടങ്ങളാണ്.