ഇ സഞ്ജീവനിയില്‍ വനിതാ ഡോക്ടര്‍മാരോട് അശ്ലീലം കാട്ടുകയും അസഭ്യം പറയുകയും ചെയ്ത
പ്രതി അറസ്റ്റില്‍
ആലപ്പുഴ:നങ്ങള്‍ കോവിഡിനെ ഭയന്നും കരുതലെടുത്തും കഴിയുന്നതിനിടയില്‍ അതിനെ മനോവൈകല്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരമാക്കുന്നു ചിലര്‍. നിയമത്തിന്റെ ചികിത്സ ആവശ്യമുള്ള ഇത്തരം രണ്ടു ‘രോഗങ്ങളെയാണ്’ ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് അടുത്തിടെ ചികിത്സയ്ക്കു കയറ്റിയത്. സര്‍ക്കാരിന്റെ ഇസഞ്ജീവനി ടെലി മെഡിസിന് പദ്ധതിയുടെ പോര്‍ട്ടലില്‍ നുഴഞ്ഞു കയറി വനിതാ ഡോക്ടര്‍മാരെ അശ്ലീലം കാട്ടുകയും അസഭ്യം പറയുകയും ചെയ്തിരുന്ന തൃശൂര്‍ മണലൂര്‍ സ്വദേശി കഴിഞ്ഞ ദിവസം പിടിയിലായി. ജില്ലയുടെ തെക്കേ അറ്റത്തെ ഒരു സ്കൂളിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ കടന്നുകയറി അധ്യാപകനെ ഭീഷണിപ്പെടുത്തിയ മുതിര്‍ന്ന കുട്ടികളെയും കുടുക്കിയിട്ടുണ്ട്. കുട്ടികളുടെ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്ന അധ്യാപകന് ഏതാനും ദിവസം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു.
അടിയന്തര ചികിത്സ
ഇസഞ്ജീവനി പോര്‍ട്ടലില്‍ വിക്രിയ കാട്ടിയതിനു പിടിയിലായത് തൃശൂര്‍ മണലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കെഎസ്ഇബി സബ് സ്റ്റേഷനു സമീപം കരിപ്പയില്‍ കെ.ആര്.സഞ്ജയ് (25) ആണ്. ദിവസങ്ങളായി സംസ്ഥാനത്തെ പല വനിതാ ഡോക്ടര്‍മാര്‍ക്കും ശല്യമായ ഇയാളെ 3 ദിവസം നീണ്ട അന്വേഷണത്തിലൂടെയാണ് കുടുക്കിയത്. പല ജില്ലകളിലും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. വ്യാജ പേരും വിലാസവും മറ്റും നല്‍കിയാണ് ഇയാള്‍ പോര്‍ട്ടലില്‍ കയറിയിരുന്നത്.
ആദ്യം കണ്‍സള്‍ട്ടിങ്ങിനുള്ള വനിതാ ഡോക്ടര്‍മാരെ കണ്ടെത്തും. പിന്നെയാണ് ‘രോഗലക്ഷണം’ തുടങ്ങുന്നത്. ചില ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏതാനും തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ഡോക്ടര്‍മാര്‍ ഇതേപ്പറ്റി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അടുത്തിടെ ആലപ്പുഴയിലെ വനിതാ ഡോക്ടര്‍ ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിനു പരാതി നല്കി. തുടര്‍ന്ന് എഎസ്പി എ.നസീമിന്റെയും സൈബര്‍ ക്രൈം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.കെ.രാജേഷിന്റെയും നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി 3 ദിവസം കൊണ്ടാണ് ഇയാളുടെ സ്ഥലം കണ്ടെത്തി വീട്ടില്‍നിന്നു പിടികൂടിയത്. ഇപ്പോള്‍ പ്രതി റിമാന്‍ഡിലാണ്.
25ാം തീയതി മുതല്‍ ‘രോഗം’
25ാം തീയതി മുതല്‍ പല ജില്ലകളിലായി പതിനഞ്ചോളം വനിതാ ഡോക്ടര്‍മാരെ ഇയാള്‍ ഇത്തരത്തില്‍ ശല്യം ചെയ്തിരുന്നെന്നു പൊലീസ് കണ്ടെത്തി. രാഹുല്‍ എന്ന പേരിലാണ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. ഒപ്പം നല്കിയതു വ്യാജ വിലാസവും. ഇയാളുടെ ശല്യം നേരിട്ട പല ഡോക്ടര്‍മാരും ഇസഞ്ജീവനി സംസ്ഥാന അധികൃതരോടു പരാതി അറിയിച്ചതോടെ വിവരം പൊലീസിലും എത്തി.
സഞ്ജയ് പിടിയിലായെന്ന് അറിഞ്ഞ് ഇപ്പോള്‍ പല ജില്ലകളില്‍നിന്നും ആലപ്പുഴ സൈബര്‍ ക്രൈം സ്റ്റേഷനിലേക്ക് അന്വേഷണങ്ങള്‍ എത്തുന്നുണ്ട്. വീട്ടുകാരുടെ ശ്രദ്ധയില്‍ പെടാതെയായിരുന്നു പ്രതിയുടെ വിക്രിയകള്‍. ഇതിന് ഉപയോഗിച്ച മൊബൈല്‍ ഫോണും മറ്റും പൊലീസ് പിടികൂടിയിട്ടുണ്ട്. ആളെ പരാതിക്കാരിയായ ഡോക്ടര്‍ തിരിച്ചറിയുകയും ചെയ്തു.