സാമ്പത്തിക മേഖലയിലെ നിർണായക മാറ്റങ്ങൾ നാളെ മുതൽ; ഇവ ശ്രദ്ധിക്കാം
ന്യൂഡൽഹി: സെപ്റ്റംബർ ഒന്നുമുതൽ സാധാരണക്കാരെ ബാധിക്കുന്ന നിർണായക മാറ്റങ്ങൾ സാമ്പത്തിക മേഖലയിലുണ്ടാകും. ആധാർ-പാൻ ബന്ധിപ്പിക്കൽ മുതൽ പാചകവാതക വില വർധനവരെ അതിലുണ്ട്. ബുധനാഴ്ച മുതൽ നടപ്പിലാകുന്ന പ്രധാന മാറ്റങ്ങൾ അറിയാം.
പാൻ -ആധാർ ബന്ധിപ്പിക്കൽ
സെപ്റ്റംബർ 30നകം ആധാർ കാർഡും പാൻ കാർഡും നിർബന്ധമായി ബന്ധിപ്പിക്കണമെന്നാണ് ഉപഭോക്താക്കൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ നിർദേശം. പാൻ കാർഡും ആധാറും ബന്ധിപ്പിച്ചില്ലെങ്കിൽ ഉപഭോക്താക്കൾ എസ്.ബി.ഐയുടെ ചില സേവനങ്ങൾ നഷ്ടമാകും. പ്രതിദിനം അമ്പതിനായിരമോ അതിലധികമോ നിക്ഷേപിക്കണമെങ്കിൽ പാൻ കാർഡ് വേണം. അതിനാൽ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴി ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിച്ചിരിക്കണം.
പാചക വാതക വില
സെപ്റ്റംബറിൽ പാചക വാതക വില വർധിപ്പിച്ചേക്കും. ആഗസ്റ്റ്, ജൂലൈ മാസങ്ങളിൽ തുടർച്ചയായി പാചകവാതക വില വർധിപ്പിച്ചിരുന്നു. ഇതുതന്നെ സെപ്റ്റംബറിലും തുടരുമെന്നാണ് വിവരം. ആഗസ്റ്റിൽ സിലിണ്ടർ ഒന്നിന് 25 രൂപ വീതവും ജൂലൈയിൽ 25.50 രൂപ വീതവുമാണ് വർധിപ്പിച്ചത്.
ആധാർ -പി.എഫ് ബന്ധിപ്പിക്കൽ
സെപ്റ്റംബർ മുതൽ യു.എ.എന്നും(യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ) ആധാർ കാർഡും നിർബന്ധമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പി.എഫ് അക്കൗണ്ടിലേക്ക് തൊഴിലുടമക്ക് പണം നിക്ഷേപിക്കാനാകില്ല. സാമൂഹിക സുരക്ഷ കോഡിലെ സെക്ഷൻ 142 ന്റെ ഭേദഗതി വഴിയാണ് കേന്ദ്രസർക്കാറിന്റെ പുതിയ മാറ്റം.
ജി.എസ്.ടി റിേട്ടൺ
സെപ്റ്റംബർ മുതൽ ജി.എസ്.ടി.ആർ -1 സമർപ്പിക്കുന്നതിൽ മാറ്റം വരുമെന്ന് ജി.എസ്.ടി.എൻ അറിയിച്ചിരുന്നു. ജി.എസ്.ടി.ആർ-3ബി പ്രകാരമുള്ള റിട്ടേൺ സമർപ്പിക്കാത്തവർക്ക് ജി.എസ്.ടി.ആർ-1 ഫോം നൽകാനാവില്ല.
ചെക്ക് ക്ലിയറൻസ്
ബാങ്കുകളിലെ ചെക്ക് ക്ലിയറിങ് സംവിധാനത്തിൽ നടക്കുന്ന വഞ്ചനാപരമായ പ്രവർത്തനങ്ങൾ തടയുന്നതിനായി നടപ്പാക്കിയതാണ് ആർ.ബി.ഐയുടെ പോസിറ്റീവ് പേ സിസ്റ്റം. ജനുവരി ഒന്നുമുതൽ ഇവ നടപ്പാക്കിയിരുന്നു. മിക്ക ബാങ്കുകളും പദ്ധതി ഇതിനോടകം ആവിഷ്കരിച്ചു. ആക്സിസ് ബാങ്ക് സെപ്റ്റംബർ ഒന്നുമുതൽ ഇവ നടപ്പാക്കും. വൻ തുകയുടെ ചെക്ക് ഇഷ്യൂ ചെയ്യുന്ന വ്യക്തികൾ ബാങ്കിനെ മുൻകൂട്ടി അറിയിക്കണമെന്നാണ് ഇതിലെ നിർദേശം.