വീട്ടുജോലിക്കായി കൊണ്ടുപോയ ദലിത് ബാലികയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞത് കൊടും ക്രൂരതകൾ
ന്യൂഡൽഹി: വാടകവീടിന്റെ ഉടമസ്ഥനും ഭാര്യയും തങ്ങളുടെ മകളെ വീട്ടുജോലിക്കയക്കാനായി ആവശ്യപ്പെട്ടപ്പോൾ അതിന് പിറകിലെ ചതി ആ ദലിത് കുടുംബം തിരിച്ചറിഞ്ഞിരുന്നില്ല. ചെറിയ കുട്ടികളുള്ള വീട്ടിൽ അവൾ കളിച്ചും ചിരിച്ചും ചെറിയ സഹായങ്ങളുമായി കഴിയട്ടെയെന്ന് പറഞ്ഞപ്പോൾ ലോക്ഡൗണിൽ വരുമാനം നിലച്ച ആ ദരിദ്ര കുടുംബം അതൊരു സഹായമാണെന്നാണ് കരുതിയത്. എന്നാൽ, വീട്ടുടമസ്ഥന്റെ ബന്ധുവീട്ടിലേക്ക് കൊണ്ടു പോയ 13 കാരിയായ മകൾ തിരിച്ചു വന്നത് ജീവനറ്റ മൃതദേഹമായായിരുന്നു.
ഭക്ഷ്യവിഷബാധ കാരണം മകൾ മരിച്ചുവെന്നാണ് വീട്ടുടമസ്ഥൻ പെൺകുട്ടിയുടെ പിതാവിനെ വിളിച്ചറിയത്. വീട്ടുടമസ്ഥന്റെ ബന്ധുവായ പ്രവീണിന്റെ ഗുർഗാവിലെ വീട്ടിൽ നിന്ന് ഒരു സ്വകാര്യ ആംബുലൻസിൽ മൃതദേഹം ഉടനെ ഡൽഹിയിൽ എത്തിക്കുകയും ചെയ്തു. അപ്പോൾ തന്നെ സംസ്കാരത്തിനുള്ള മുഴുവൻ ഏർപ്പാടുകളും വീട്ടുടമസ്ഥൻ ചെയ്തിരുന്നു. ഉടനെ മൃതദേഹം ദഹിപ്പിക്കാൻ വീട്ടുടമസ്ഥനും ബന്ധുക്കളും നിർബന്ധിക്കുകയും ചെയ്തു.
മകളുടെ വിയോഗത്തിൽ തകർന്നിരിക്കുന്ന കുടുംബത്തിന് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. തങ്ങളെ കുടുംബം പോലെ കരുതുന്ന വീട്ടുടമസ്ഥനും ഭാര്യയും പറഞ്ഞതിനാൽ മൃതദേഹം ഉടനെ ദഹിപ്പിക്കാൻ അവർ സമ്മതം മൂളുകയും ചെയ്തു.
എന്നാൽ, അയൽവാസികൾ മരണത്തിൽ ദുരൂഹത ആരോപിക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. അങ്ങിനെയാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. ക്രൂരമായ പീഡനത്തിനാണ് ആ ബാലിക ഇരയായിരുന്നത്. സ്വകാര്യ ഭാഗങ്ങളിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. ക്രൂരമായി ലൈംഗിക വൈകൃതങ്ങൾക്കും പ്രകൃതിവിരുദ്ധ പീഡനത്തിനും ആ കുരുന്ന് ഇരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
തുടർന്ന്, വീട്ടുടമസ്ഥന്റെ ബന്ധു പ്രവീണിനെ പൊലീസ് അറസ്റ്റു ചെയ്തു. വീട്ടുടമസ്ഥനും ഭാര്യക്കും സംഭവത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വീട്ടുടമസ്ഥനും ഭാര്യയും തങ്ങളുടെ മകളോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് പറഞ്ഞായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കളുടെ നിലവിളി. മകൾ അവരുടെ ബന്ധുവീട്ടിൽ സുരക്ഷിതയായിരിക്കുമെന്നും അവൾക്കവിടെ കളിക്കൂട്ടുകാർ ഉണ്ടാകുമെന്നും പറഞ്ഞ് നിർബന്ധിച്ചാണ് അവളവരെ കൂട്ടിക്കൊണ്ടു പോയതെന്ന് പെൺകുട്ടിയുടെ മാതാവ് പറയുന്നു.
ഈ സംഭവത്തിന്റെ രണ്ടാഴ്ച മുമ്പാണ് മകളുമായി അവസാനമായി ഫോണിൽ സംസാരിച്ചതെന്ന് പിതാവ് പറഞ്ഞു. ‘അന്ന് അവൾ കൂടുതലായൊന്നും സംസാരിച്ചിരുന്നില്ല. അപ്പോൾ തന്നെ ഞാൻ എന്തെങ്കിലും ചെയ്യണമായിരുന്ന്’ -പെൺകുട്ടിയുടെ പിതാവ് കരച്ചിലിനിടെ പറഞ്ഞു.