ഹണി ട്രാപ്പിൽ പണംതട്ടി; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ
കട്ടപ്പന: ഹണി ട്രാപ്പിൽ കുടുക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തോപ്രാംകുടി വാണിയപുരക്കൽ ടിൻസൺ എബ്രഹാമിനെയാണ് (34) തൊടുപുഴ െപാലീസും കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡും ചേർന്ന് ലബ്ബക്കടയിലെ വാടകവീട്ടിൽനിന്ന് പിടികൂടിയത്. ഇയാൾ ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ തൊടുപുഴ കരിമണ്ണൂർ സ്വദേശി അർജുൻ, മൈലക്കൊമ്പ് സ്വദേശി അമൽ ഷാജി എന്നിവർ ഒളിവിലാണ്.
ശാന്തൻപാറ സ്വദേശിയായ ജോഷിയുടെ പണമാണ് തട്ടിയത്. ടിൻസനെ പിടികൂടുമ്പോൾ ഭാര്യയെ കൂടാതെ മറ്റൊരു യുവതിയും വീട്ടിലുണ്ടായിരുന്നു. ഇവർ ഇൗ കേസിൽ പിടികിട്ടാനുള്ള പ്രതിയുടെ ഭാര്യയാണെന്ന് സംശയിക്കുന്നു. ഈ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെന്നും പറയുന്നു.
കേസിനെക്കുറിച്ച് തൊടുപുഴ പൊലീസ് പറയുന്നത് ഇങ്ങനെ:
ആഗസ്റ്റ് മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ശാന്തൻപാറ സ്വദേശി ജോഷിയെ തൊടുപുഴ മൈലക്കൊമ്പിലേക്ക് യുവതിയുടെ ഫോൺ ഉപയോഗിച്ച് വിളിച്ചുവരുത്തി. വീട്ടിലെത്തിയ പരാതിക്കാരനെ ബന്ധിയാക്കി 4000 രൂപയും മെബൈൽ ഫോൺ, സ്കൂട്ടർ എന്നിവ കൈക്കലാക്കി പ്രതികൾ മുങ്ങി. പിന്നീട് രാത്രിയിൽ ജോഷി സ്ഥലത്തുനിന്ന് സാഹസികമായി രക്ഷപ്പെട്ടു. കേസിൽ മൂന്ന് പ്രതികളാണ് ഉള്ളത്. അമൽ ഷാജി വാടകക്കെടുത്ത മൈലകൊമ്പിലെ വീട്ടിൽെവച്ചാണ് തട്ടിപ്പ് നടപ്പിലാക്കിയത്. 2014, 2017 വർഷങ്ങളിലടക്കം പണം, മൊബൈൽ ഫോൺ കവർച്ച അടക്കം ഏഴോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. രണ്ടാഴ്ചയായി എറണാകുളത്ത് ഒളിവിൽ കഴിഞ്ഞ ടിൻസൺ ഞായറാഴ്ച ലബ്ബക്കടയിൽ എത്തുന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു വീട് വളഞ്ഞപ്പോൾ ഇറങ്ങി ഓടിയെങ്കിലും നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പിടികൂടിയത്. എസ്.ഐമാരായ ബൈജു പി.ബാബു, എം.എം. ജീനാമ്മ, എ.എസ്.ഐ വി.എം. ഷംസുദീൻ, വി.എ. നിഷാദ് എന്നിവരും പ്രത്യേക സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.