38 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്; കേരളത്തില്‍ നിന്നെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും കര്‍ശന കോവിഡ് പരിശോധനയുമായി കര്‍ണാടക
ബെംഗളൂരു: കേരളത്തില്‍ നിന്നെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും കര്‍ശന കോവിഡ് പരിശോധനയുമായി കര്‍ണാടകം. ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും റെയില്‍വേ സ്റ്റേഷനുകളില്‍ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.
ആര്‍ടിപിസിആര്‍ ഫലം കൈയിലുണ്ടെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും ടെസ്റ്റ് നടത്തും. ടെസ്റ്റ് ഫലം ഒരു ദിവസത്തില്‍ തന്നെ ലഭിക്കുന്ന രീതിയിലാണ് പരിശോധന. ഫലം പോസിറ്റീവാണെങ്കില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കും. ഏഴ് ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായാല്‍ മാത്രമേ ക്വാറന്റീന് അവസാനിപ്പിക്കുകയുള്ളു.
പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലെല്ലാം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വന്നിറങ്ങുന്ന ആളുകളില്‍ നിന്ന് ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ളവ വാങ്ങി വെക്കുകയും ചെയ്യുന്നുണ്ട്. ഫലം പോസിറ്റീവാകുകയാണെങ്കില്‍ തിരഞ്ഞു പിടിച്ച് ക്വാറന്റീന് ചെയ്യിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ആര്‍ടിപിസിആര്‍ ഫലം പോസിറ്റീവായവരെ ക്വാറന്റീന് ചെയ്യിക്കാന്‍ ഹോട്ടലുകള്‍, നേരത്തെയുള്ള കോവിഡ് സെന്ററുകളും ഒരുക്കിയിട്ടുണ്ട്. പണം നല്കി നില്‍ക്കേണ്ടവര്‍ക്ക് ഹോട്ടലുകളില്‍ നില്‍ക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കേരളത്തില്‍ നിന്നെത്തുന്ന എല്ലാവരേയും ക്വാറന്റീന് ചെയ്യിപ്പിക്കും എന്നായിരുന്നു ഇന്നലെ കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ രീതിയില്‍ കര്‍ണാടക നടപ്പിലാക്കി തുടങ്ങിയിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശന പരിശോധനകളിലേക്ക് കടക്കുമെന്നാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നഴ്സിങ്, എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.
കര്‍ണാടകയിലെത്തുന്ന എല്ലാ തൊഴിലാളികളും അതത് കമ്പനികളെ അറിയിച്ച് ക്വാറന്റീനിലേക്ക് പോകണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതേസമയം കര്‍ണാടകയിലെ 38 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോലാറിലെ സ്വകാര്യ നഴ്സിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഴുവന്‍ വിദ്യാര്‍ത്ഥികളും കേരളത്തില്‍ നിന്നുള്ളവരാണ്. നേരത്തെ ഇവിടെ 28 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പോസിറ്റീവ് ആയവരുടെ എണ്ണം 66 ആയി. 265 വിദ്യാര്‍ത്ഥികളാണ് കോളേജിലുള്ളത്.