കോഴിക്കോട്:മഹാരാഷ്ട്രയിലെ പുതിയ ഭരണ സഖ്യംനിലവിൽ വന്നതിന് പിന്നാലെ കേരളത്തിലെ യുഡിഎഫിൽ പൊട്ടിത്തെറി.ശിവസേന – കോൺഗ്രസ് ചങ്ങാത്തം മുസ്ലിംലീഗിനെയാണ് വെട്ടിലാക്കിയത്. കോൺഗ്രസിലും പ്രതിസന്ധി രൂക്ഷമാണ്. സഖ്യത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് ഡിസിസി ജനറൽ സെക്രട്ടറി രാജിവെച്ചത് കോണഗ്രസിലെ ന്യൂനപക്ഷങ്ങളുടെ വികാരമാണെന്ന് നേതൃത്വം ഭയക്കുന്നു.കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിൽ മുസ്ലിംലീഗ് നേതൃത്വം സോണിയ ഗാന്ധിയെ നേരിട്ടുകണ്ട് പരാതിപ്പെട്ടത് ഏതാനുംദിവസം മുമ്പാണ്. അതിന്റെ ചൂടാറുംമുമ്പാണ് ഹിന്ദുവർഗീയ പാർടിയായ ശിവസേനയുമായി കോൺഗ്രസ് കൈകോർത്തത്. ഇതിലുള്ള അസ്വസ്ഥത ലീഗിനുള്ളിൽ പുകയുന്നുണ്ട്.
അയോധ്യവിധിയിലടക്കം കോൺഗ്രസ് സ്വീകരിച്ച നിലപാട് മുസ്ലിംലീഗിനെ അലോസരപ്പെടുത്തിയിരുന്നു. മുത്തലാഖ് ഉൾപ്പെടെയുള്ള വിഷയങ്ങളിലും മൃദുഹിന്ദുത്വ സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് ലീഗിനുള്ളിൽ ശക്തമായ വികാരമുണ്ട്. എന്നാൽ മുസ്ലിംലീഗിന്റെ ആവശ്യം ചെവിക്കൊണ്ടില്ലെന്നതിന് തെളിവായി പുതിയസഖ്യത്തെ ലീഗ് നേതൃത്വം വിലയിരുത്തുന്നു. ബിജെപിയെ തളയ്ക്കാനാണ് കോൺഗ്രസ്–- സേന കൂട്ടുകെട്ട് എന്ന ന്യായവാദം അണികൾക്ക് സ്വീകാര്യമാകുന്നില്ല. മാത്രവുമല്ല, മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചത് പാർടിക്ക് ഊർജം പകരുമെന്ന ദേശീയനേതൃത്വത്തിന്റെ വിലയിരുത്തൽ മുസ്ലിംലീഗിനെ വല്ലാതെ വേദനിപ്പിക്കുന്നു.
ശിവസേനയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതിന് അണികളോട് എന്ത് സമാധാനം പറയുമെന്ന അങ്കലാപ്പിലാണ് ലീഗ് നേതൃത്വം. അണികളിൽ അമർഷം പുകയുകയാണെങ്കിലും തടയിടാൻ വഴികാണാതെ ഉഴറുകയാണ് നേതാക്കൾ. കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് തങ്ങളുടെ വികാരം ശക്തമായി അറിയിച്ചതായാണ് സൂചന.