കാസര്‍കോട്: കോവിഡ് കാലത്ത് പണിയും വരുമാനവുമില്ലാതായ കലാകാരന്മാരെ സഹായിക്കാനായി സാംസ്ക്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന 65 ദിവസം നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ കലോത്സവമായ മഴമിഴിയില് ജോലിയും വേദനവുമില്ലാതെ ഒന്നര വര്‍ഷത്തോളമായി കഷ്ടപ്പെടുന്ന ചിത്രകലാകാരന്മാരെ ഉള്‍പ്പെടുത്തണമെന്ന് കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 25000 ത്തോളം വരുന്ന ചിത്രകലാകാരന്മാര് ഫ്ലെക്സിന്റെ വരവിലൂടെ ജോലിയില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് കൂനിന്മേല് കുരുവെന്ന നിലയില്‍ കോവിഡ് കൂടി കടന്നു വന്നത് . അതോടുകൂടി ചിത്രകലാകാരന്മാരുടെ വീടുകളില്‍ തീ പുകയാത്ത അവസ്ഥയിലായി.
ഏതൊരു ഉല്പന്നമായാലും പരിപാടികളായാലും ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഒരു ചിത്രകലാകാരന്റെ ഡിസൈനുകളും ലേഔട്ടുകളും ക്രിയേറ്റീവ് ചെയ്ത് ജന മനസ്സുകളില്‍ മറക്കാനാവാത്ത രൂപം കൊത്തിപ്പിടിപ്പിക്കുന്നത് ഒരു കലാകാരന്റെ മികവാണ്. അത്തരം കലാകാരന്മാരെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരുകളുടെ ബാധ്യതയുമാണ്.
ജില്ലാ പ്രസിഡന്റ് സി.പി. അശോകന് അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് ഉളിയത്തടുക്ക, കെ.എച്ച്. മുഹമ്മദ്, മുരളി മോലോത്ത്, പ്രകാശ് കുമ്പള, ബാലന് സൗത്ത് എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു.