മാലോം ചുള്ളിക്കടുത്ത് വനപ്രദേശം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന വൻ വ്യാജ വാറ്റു കേന്ദ്രം എക്സൈസ് സംഘം തകർത്തു. വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
വെള്ളരിക്കുണ്ട്: മാലോം ചുള്ളിക്കടുത്ത് വനപ്രദേശം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന വൻ വ്യാജ വാറ്റു കേന്ദ്രം എക്സൈസ് സംഘം തകർത്തു. വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ വി സന്തോഷ് കുമാറും പാർടിയും ചേർന്നാണ് ബളാൽ വിലേജിൽ ചുള്ളിയിൽ നിന്നും 1,240 ലിറ്റർ വാഷും അഞ്ച് ലിറ്റർ ചാരായവും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സുനിൽകുമാർ (29) എന്നയാളുടെ പേരിൽ എക്സൈസ് കേസെടുത്തു.
വനപ്രദേശം കേന്ദ്രീകരിച്ചുകൊണ്ട് ചാരായം വാറ്റി എടുക്കുകയും പിന്നീട് പൈപ് വഴി സ്വകാര്യ കേന്ദ്രത്തിൽ എത്തിച്ചു കന്നാസുകളിലും കുപ്പികളിലുമാക്കി വിൽപന നടത്തി വന്നിരുന്ന സംഘത്തെയാണ് അപ്രതീക്ഷിതമായ നീക്കത്തിലൂടെ എക്സൈസ് കണ്ടെത്തിയത്. വാറ്റ് കേന്ദ്രത്തിൽ നിന്നും നിരവധി ഗ്യാസ് സ്റ്റവുകളും ഗ്യാസ് സിലിൻഡറുകളും മറ്റു വാറ്റ് ഉപകരണങ്ങളും കണ്ടെത്തി.
ലോക്ഡൗൺ കാലം മുതലാണ് ചുള്ളിയിൽ ഈ വാറ്റു കേന്ദ്രം ആരംഭിച്ചത്. പ്രമുഖ രാഷ്ട്രീയ പാർടിയുടെ പ്രാദേശിക നേതാവ് വാറ്റു കേന്ദ്രത്തിനു നേതൃത്വം നൽകിയിരുന്നതെന്ന് എക്സൈസ് പറഞ്ഞതായി വാർത്തകൾ പുറത്തു വന്നിരുനെങ്കിലും അത്തരം കാര്യം ശ്രദ്ധയിൽ വന്നിരുന്നില്ല എന്നാണ് എക്സൈസ് പറയുന്നത് . മാത്രമല്ല ഇത്തരം വാറ്റുകാർക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുവാനും വിവരങ്ങൾ ഇത്തരക്കാരെ ഭയന്ന് എക്സൈസിന് ലഭിക്കാതിരിക്കുന്ന സഹചര്യം ഉണ്ടാകരുതെന്ന് പ്രിവന്റീവ് ഓഫീസർ വി സന്തോഷ് കുമാർ കൂട്ടി ചേർത്തു .
എക്സൈസിന് ഈ വാറ്റു കേന്ദ്രവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച സെപഷ്യൽ സ്ക്വാഡ് ഇവിടെ റെയ്ഡിനെത്തിയത്.