സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ അണക്കെട്ടുകളിൽ ജലനിരപ്പ് 70 ശതമാനം പിന്നിട്ടു
മൂലമറ്റം: സംസ്ഥാനത്തെ വൈദ്യുതി ബോർഡിൻ്റെ അണക്കെട്ടുകളിൽ ജലനിരപ്പ് 70 ശതമാനം പിന്നിട്ടു. ഇന്നലെ രാവിലത്തെ കണക്കനുസരിച്ച് വൈദ്യുതി ബോർഡ് അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 70.49 ശതമാനം വെള്ളമുണ്ട്. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.
67.08 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് 24 മണിക്കൂറിനിടെ ഡാമുകളിലേക്ക് ഒഴുകിയെത്തിയത്. 4140.252 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് പൂർണ്ണ സംഭരണ ശേഷി. 70.49 ശതമാനം വെള്ളം ഉപയോഗിച്ച് 2918.63 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. ഇടവേളക്ക് ശേഷം മഴ വീണ്ടും ശക്തിയാർജിച്ചതോടെ ആഭ്യന്തര വൈദ്യുതി ഉൽപാദനവും വർധിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഇന്നലെ 27.28 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചോൾ 31.74 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇറക്കുമതി ചെയ്തു. സംസ്ഥാനത്തെ ആകെ വൈദുതി ഉപഭോഗം 59.02 ദശലക്ഷം യൂണിറ്റാണ്. ഇടുക്കിയിൽ 4.747 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ശബരിഗിരിയിൽ 6.02, ശോളയാർ 1.27, കുറ്റ്യാടി 1.17 ലോവർപെരിയാർ 3.80, നേര്യമംഗലം 1.81 ദശലക്ഷം യൂണിറ്റ് എന്നിങ്ങനെയാണ് മറ്റ് പ്രധാന നിലയങ്ങളിലെ വൈദ്യുതി ഉൽപാദനം.
ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2374.9 അടിയാണ്. ഇത് സംഭരണശേഷി യുടെ 68.95 ശതമാനമാണ്.കഴിഞ്ഞവർഷം ഇതേ സമയം 2372.9 അടിയും 66.83 ശതമാനവുമായിരുന്നു ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഷോളയാർ, പെരിങ്ങൽകുത്ത്, കുണ്ടള, കല്ലാർകുട്ടി, മൂഴിയാർ, ലോവർപെരിയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ മഴക്കുറവ് ഇപ്പോഴും തുടരുകയാണ്. 22 ശതമാനത്തിൻ്റെ കുറവാണ് നിലവിലുള്ളത്. ശരാശരി 1780 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 1396 മി.മീറ്റാണ്. ജൂൺ ഒന്ന് മുതൽ ഇന്നലെ രാവിലെ വരെയുള്ള കണക്കുപ്രകാരമാണിത്.
എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മാ ത്രമാണ് സാധാരണ മഴ ലഭിച്ചത്. വയനാട് ജില്ലയിലാണ് കൂടുതൽ മഴക്കുറവ്, 37 ശതമാനം. ഇടുക്കിയിൽ 2237.9 മി.മീ മഴയാണ് സാധാരണ നിലയിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ലഭിച്ചത് 1774.5 മി.മി മാത്രമാണ്. ഇത് 21 ശതമാനം കുറവാണ്.