സംസ്ഥാനത്ത് ഭവന നിർമ്മാണത്തിന് 426 കോടിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം
സംസ്ഥാനത്ത് ഭവനരഹിതര്‍ക്കായി പതിനായിരത്തില്പരം വീടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും നഗരസഭകളും സംയുക്തമായി നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന – ലൈഫ് പദ്ധതിയുടെ ഭാഗമായി 10,653 വീടുകളാണ് നിര്‍മ്മിക്കുന്നത് ഇതിനായി 426.12 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര ഭവനനഗരകാര്യ സെക്രട്ടറി അധ്യക്ഷനായ സമിതി അംഗീകാരം നല്‍കിയിട്ടുള്ളത്. 84 നഗരസഭകളില്‍ നിന്ന് ലഭിച്ച വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം. ഇതോടൊപ്പം നിശ്ചിത തുക ചെലവിട്ട് സംയുക്തമായി ഭവനനിര്‍മാണം ഭവനവിപുലീകരണം എന്നിവയ്ക്കായുള്ള പദ്ധതി രൂപരേഖകള്‍ കൂടി ഉള്‍പ്പെടുത്തി ആകെ 455.89 കോടിയുടെ പദ്ധതിക്കും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 11,011 ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് നിഗമനം. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീയാണ് ചുമതല വഹിക്കുന്നത്.