നാട്ടുകാരുടെ കൂട്ടായ്മയിൽ
അങ്കണവാടിക്ക് സ്വന്തം കെട്ടിടം
പള്ളിക്കര: നാട്ടുകാരുടെ കൂട്ടായ്മയിൽ അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി. ബേക്കൽ അഗസറഹൊളെ അങ്കണവാടിക്കാണ് ശക്തിനഗറിൽ സ്ഥലം വാങ്ങി കെട്ടിടം നിർമിച്ചത്. ആഗസ്റ്റ് 31 ചൊവ്വാഴ്ച രാവിലെ പത്തിന് സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. യുവജനസംഘം ക്ലബിന്റെ ഓടിട്ട വാടക കെട്ടിടത്തിലാണ് 25 വർഷത്തിലധികമായി അങ്കണവാടി പ്രവർത്തിച്ചത്. വാടക അങ്കണവാടികൾ സ്വന്തം കെട്ടിടത്തിലേക്ക് മാറണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. കെട്ടിടത്തിന് സ്ഥലം കണ്ടെത്താൻ മണികണ്ഠൻ അത്തിക്കാൽ ചെയർമാനാനും കെ മഹേഷ്കുമാർ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു. എട്ടു ലക്ഷം രൂപ ചെലവഴിച്ച് ആറര സെന്റ് സ്ഥലം വാങ്ങി. പള്ളിക്കര പഞ്ചായത്ത് ഫണ്ടിലാണ് കെട്ടിടം നിർമിച്ചത്. നാട്ടുകാർ തന്നെയാണ് കെട്ടിടം പണിതതും.