ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന ഭരണ സമിതി തീരുമാനത്തിന് വിരുദ്ധം.
ജില്ലാ പഞ്ചായത്ത് ടർഫ് കോർട്ടുമായി ബന്ധപ്പെട്ട് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമാണ്. പഞ്ചായത്ത് ഭരണസമിതി യോഗം ടർഫ് കോർട്ടുമായി ബന്ധപ്പെട്ട അജണ്ട മാറ്റിവെക്കുകയാണ് ഉണ്ടായത്. ബെണ്ടിച്ചാലിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഫ്ളാറ്റിന് എതിർവശത്താണ് ജില്ലാ പഞ്ചായത്ത് സ്ഥലം ആവശ്യപ്പെട്ടത്. എന്നാൽ പ്രസ്തുത സ്ഥലം ചിൽഡ്രൻസ് പാർക്കിന് വേണ്ടി മാറ്റിവെച്ചതാണെന്നാണ് പ്രസിഡന്റിന്റെ വാദം. എന്നാൽ അങ്ങനെ ഒരു പദ്ധതി പഞ്ചായത്ത് തീരുമാനിച്ചിട്ടില്ല. പരവനടുക്കം, കോളിയടുക്കം, തലക്ലായി എന്നിവിടങ്ങളിൽ എവിടെയെങ്കിലും ടർഫ് കോർട്ടിന് സ്ഥലം അനുവദിക്കാമെന്ന് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിട്ടില്ല. ഭരണ സമിതി തീരുമാനിക്കാത്ത കാര്യം, തീരുമാനിച്ചു എന്ന് വ്യാജമായി ജില്ലാ പഞ്ചായത്തിന് റിപ്പോർട്ട് ചെയ്തു എന്ന പ്രസ്താവന ഗൗരവപരമായി കാണണം. ടർഫ് കോർട്ട് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോൾ രാഷ്ട്രീയപ്രേരിതം എന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസിഡന്റെ പ്രസ്താവന ദൗർഭാഗ്യകരമാണ്. തുടർന്നുള്ള വികസന പ്രവർത്തനങ്ങളിലെങ്കിലും രാഷ്ട്രീയ വൈരാഗ്യം മറന്ന് ജനങ്ങളുടെ വികസന കാഴ്ചപ്പാടിനൊപ്പം പഞ്ചായത്ത് ഭരണ സമിതി നിലകൊള്ളണം.