ഭോപ്പാല്‍: മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച ബിജെപി എംഎപി പ്രഗ്യ സിംഗ് ഠാക്കൂറിനെതിരെ കൊലവിളി മുഴക്കി കോണ്‍ഗ്രസ് എംഎല്‍എ. മധ്യപ്രദേശില്‍ കാല് കുത്തിയാല്‍ പ്രഗ്യയെ പച്ചയ്ക്ക് കത്തിക്കും എന്നാണ് കോണ്‍ഗ്രസ് എംഎല്‍എ ഗോവര്ദ്ധന് ഡാങ്കി ഭീഷണി മുഴക്കിയിരിക്കുന്നത്. ബിയോറ എംഎല്‍എയാണ് ഡാങ്കി.ബുധനാഴ്ച പാര്‍ലമെന്റിലാണ് ഭോപ്പാല്‍ എംപിയായ പ്രഗ്യ സിംഗ് ഠാക്കൂര്‍ വീണ്ടും ഗോഡ്സെ സ്നേഹം പരസ്യമാക്കിയത്
എസ്പിജി നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ ഡിഎംകെ അംഗമാണ് എ രാജ മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തെ പരാമര്‍ശിച്ച് പ്രസംഗിച്ചിരുന്നു.ഗോഡ്സെ എന്തിനാണ് ഗാന്ധിയെ കൊന്നത് എന്ന് വിശദീകരിക്കുന്നതിനിടെ പ്രഗ്യ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഗോഡ്സെ ദേശഭക്തനാണ് എന്ന് പ്രതികരിക്കുകയുമായിരുന്നു. ഇതോടെ പ്രഗ്യയ്ക്ക് എതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധം ഉയര്‍ത്തി. പ്രഗ്യയുടെ പരാമര്‍ശം സ്പീക്കര്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വവും പ്രഗ്യയെ തളളി രംഗത്ത് വന്നു. ഗോഡ്സെ രാജ്യസ്നേഹി അല്ലെന്നും അത്തരം പ്രസ്താവനകളെ ബിജെപി അംഗീകരിക്കുന്നില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. പ്രഗ്യയുടെ പ്രസ്താവനയെ അപലപിച്ച് ബിജെപി പ്രവര്‍ത്തനാധ്യക്ഷന്‍ ജെപി നദ്ദയും രംഗത്ത് വന്നു. പാര്‍ലമെന്റിന്റെ പ്രതിരോധ സമിതിയില്‍ നിന്ന് സര്‍ക്കാര്‍ പ്രഗ്യയെ ഒഴിവാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും ഗോഡ്സെയെ പുകഴ്ത്തി പ്രഗ്യ വിവാദത്തിലായിരുന്നു.